മകൾക്കായി കാത്തിരുന്നു… ലഭിച്ചത് ചേതനയറ്റശരീരം….
മുക്കത്ത് പ്ലാസയിൽ വാടകയ്ക്കു താമസിക്കുന്ന ബിഹാർ ബിഷാംപർപുർ സ്വദേശി രാംധർ തിവാരിയുടെയും നീതു കുമാരിയുടെയും മകളാണു കൊല്ലപ്പെട്ട ചാന്ദ്നി. തായിക്കാട്ടുകര സ്കൂൾ കോംപ്ലക്സിൽ ഒന്നാം ക്ലാസ്
വിദ്യാർഥിനിയായിരുന്ന ചാന്ദ്നി മലയാളം നന്നായി സംസാരിക്കുമായിരുന്നു. ഒരു മകനും മൂന്ന് പെൺമക്കളുമാണ് രാംധറിനുള്ളത്. മക്കളിൽ രണ്ടാമത്തെയാളാണു ചാന്ദ്നി. രാംധറും ഭാര്യ നീതു കുമാരിയും വെള്ളിയാഴ്ച വൈകിട്ടു ജോലി കഴിഞ്ഞു വന്നപ്പോഴാണു കുട്ടിയെ കാണാനില്ലെന്ന വിവരം അറിഞ്ഞത്. പലയിടത്തും അന്വേഷിച്ചിട്ടും ഫലമില്ലാതെ വന്നപ്പോൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.
ആലുവയിലെ പെരിയാർ തീരത്ത് ഇന്നാണു ചാന്ദ്നിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടത്തിയത്. മാലിന്യക്കൂമ്പാരത്തിനുള്ളിൽ ചാക്കിൽ കെട്ടിയ നിലയിലായിരുന്നു മൃതദേഹം. പെൺകുട്ടിയെ പണം വാങ്ങിച്ചു മറ്റൊരാൾക്കു കൈമാറിയെന്ന് പിടിയിലായ അസഫാക്ആലം പൊലീസിനോടു പറഞ്ഞിരുന്നത്.
സുഹൃത്തിന്റെ സഹായത്തോടെയാണു കുട്ടിയെ കൈമാറിയതെന്നും സക്കീർ ഹുസൈൻ എന്നയാളാണ് കുട്ടിയെ കൊണ്ടുപോയതെന്നുമാണ് അസഫാക് പൊലീസിനു നൽകിയ മൊഴി. എന്നാൽ അസ്ഫാക് മാത്രമാണ് കൃത്യത്തിൽ ഉൾപ്പെട്ടിരിക്കുന്നതെന്നാണ് പൊലീസിന്റെ നിഗമനം.