മറ്റൊരാളുമായുള്ള ബന്ധത്തിനായി ഭർത്താവിനെ ഒഴിവാക്കണം… 3 വയസുകാരി മകളെ പീഡിപ്പിച്ചെന്ന് ഭാര്യയുടെ പരാതി….
മറ്റൊരാളുമായുള്ള ബന്ധത്തിന് ഭർത്താവിനെ ഒഴിവാക്കാൻ മൂന്നു വയസുകാരിയെ പീഡിപ്പിച്ചെന്ന് പോക്സോ കേസ് നൽകിയ സംഭവത്തിൽ യുവാവിനെ കുറ്റവിമുക്തനാക്കി. കിളിമാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ 2018ൽ രജിസ്റ്റർ ചെയ്ത ഒരു പോക്സോ കേസിലാണ് നേരത്തെ റിമാൻഡ് ചെയ്ത യുവാവിനെ ആറ്റിങ്ങൽ ഫാസ്റ്റ്ട്രാക്ക് പോക്സോ കോടതിയാണ് കുറ്റവിമുക്തനാക്കിയത്.
അച്ഛൻ മൂന്ന് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്നും ഡോക്ടറുടെ പരിശോധനയിൽ പീഡനം നടന്നതായി കണ്ടെത്തിയെന്നും ചൂണ്ടി കാട്ടിയാണ് കുട്ടിയുടെ അമ്മ പരാതി നൽകിയത്. ഇതിൽ കേസെടുത്ത് പൊലീസ് കുട്ടിയുടെ അച്ഛനെ അറസ്റ്റ് ചെയ്ത് 90 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. രാത്രിയിൽ കുട്ടിയും അച്ഛനും കട്ടിലിൽ ആണ് കിടന്നതെന്നും അമ്മ തറയിൽ കിടക്കുകയായിരുന്നുവെന്നും കുട്ടിയുടെ അസാധാരണമായ കരച്ചിൽ കേട്ട് ഉണർന്ന അമ്മ തന്റെ ഭർത്താവ് കുട്ടിയുടെ മുന്നിൽ എണീറ്റ് നിൽക്കുന്നത് കണ്ടുവെന്നാണ് പരാതിയിൽ പറഞ്ഞത്. പിറ്റേ ദിവസം ഡോക്ടറെ കാണിച്ചപ്പോൾ കുട്ടി പീഡിപ്പിക്കപ്പെട്ടു എന്ന് മനസ്സിലായെന്നും പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.
എന്നാൽ അതിനു മുൻപേ കുട്ടിയുടെ അച്ഛനും അമ്മയും പിണക്കത്തിൽ ആയെന്നും മാറി താമസിക്കുന്നവരാണെന്നും പ്രതി ഭാഗം അഭിഭാഷകൻ തട്ടത്തുമല അനിൽ കോടതിയിൽ വാദിച്ചു. തുടർന്ന് പ്രതി ഭാഗം അഭിഭാഷകന്റെ ചോദ്യങ്ങൾക്ക് പ്രോസിക്യൂഷന് കൃത്യമായ മറുപടി ഇല്ലാത്ത സാഹചര്യത്തിലാണ് പ്രതിയായി ചിത്രീകരിക്കപ്പെട്ട അച്ഛനെ കോടതി വെറുതെ വിട്ടത്. കുട്ടിയുടെ അമ്മയ്ക്ക് മറ്റൊരു യുവാവുമായി അടുപ്പം ഉണ്ടെന്നും ഭർത്താവിനെ ഒഴിവാക്കാൻ ഭാര്യ കരുതിക്കൂട്ടി നടത്തിയ നാടകമാണെന്നും പ്രതിഭാഗം അഭിഭാഷകൻ തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതിയെ ബോധിപ്പിച്ചു. ഇതോടെ കുട്ടിയുടെ അച്ഛനെ കോടതി കുറ്റവിമുക്തനാക്കുകയായിരുന്നു.