കനിമൊഴി എം.പിയെ ബസിൽ കയറ്റിയതിന് ജോലി പോയി… വനിതാ ഡ്രൈവർക്ക് കമൽഹാസൻ്റെ സമ്മാനം….
ഡിഎംകെ നേതാവും എം പിയുമായ കനിമൊഴിയെ ബസിൽ കയറ്റിയതിന് പിന്നാലെ ജോലി നഷ്ടമായ കോയമ്പത്തൂരിലെ വനിതാ ഡ്രൈവര്‍ക്ക് സമ്മാനം നൽകി കമൽഹാസന്‍. ശര്‍മിളയെയും കുടുംബത്തെയും നേരിട്ട് കണ്ടാണ് കമൽഹാസൻ സമ്മാനം കൈമാറിയത്. കോയമ്പത്തൂര്‍ ജില്ലയിലെ ആദ്യ വനിതാ ബസ് ഡ്രൈവറാണ് മലയാളിയായ വടവള്ളി സ്വദേശി ശർമിള.
ശർമിളക്ക് കമൽഹാസന്‍ സമ്മാനമായി നൽകിയത് കാറാണ്. ഇനി തൊഴിലാളി അല്ലെന്നും റെന്‍റൽ കാര്‍ ഉടമയാണെന്നും കമൽഹാസൻ പറഞ്ഞു. കനിമൊഴിയെ ബസിൽ കയറ്റിയതിന് പിന്നാലെ ബസുടമയുമായി തര്‍ക്കമുണ്ടായതോടെയാണ് ശർമിളയ്ക്ക് ജോലി നഷ്ടമായത്. സ്വന്തം പ്രശസ്തിക്ക് വേണ്ടി ശർമിള കനിമൊഴിയെ ബസിൽ കയറ്റിയെന്നായിരുന്നു ഉടമയുടെ ആരോപണം.
ജോലിയിൽ നിന്ന് പറഞ്ഞുവിട്ടിട്ടില്ലെന്നും ജോലി മതിയാക്കിയത് ശർമിളയെന്നുമായിരുന്നു ബസ് ഉടമയുടെ വാദം. സംഭവം അറിഞ്ഞ എംപി പ്രതികരണവുമായി രംഗത്തെത്തി. ശർമിളയെ സംരക്ഷിക്കുമെന്നും പുതിയ ജോലി നൽകുമെന്നും കനിമൊഴി പറഞ്ഞു. കനിമൊഴിയും ഡ്രൈവറും തമ്മിലുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.