പ്രണയം പൂവണിയുന്നു.. അഖിൽ – ആൽഫിയ വിവാഹം നാളെ…
കായംകുളം: കോവളത്ത് നിന്ന് കല്യാണത്തിന് മുമ്പ് പെൺകുട്ടിയെ ബലം പ്രയോഗിച്ചു പോലീസ് കൊണ്ട് പോയ സംഭവത്തിൽ വിവാഹം നാളെ നടക്കുമെന്ന് അഖിലും ആൽഫിയയും. കായംകുളം പോലീസ് മോശമയാണ് പെരുമാറിയതെന്നു അഖിലും ആൽഫിയയും പറഞ്ഞു. സ്വന്തം ഇഷ്ടപ്രകാരം ആണ് അഖിലിനോപ്പം വന്നതെന്ന് ആൽഫിയ വ്യക്തമാക്കി. വെള്ളിയാഴ്ച കോവളം പോലീസ് സ്റ്റേഷനിൽ വെച്ച് വീട്ടുകാർക്കൊപ്പം പോകാൻ തയ്യാറല്ലെന്ന് പെൺകുട്ടി പറഞ്ഞിരുന്നു. എന്നാൽ അതിന് ശേഷം ശനിയാഴ്ചയാണ് കായംകുളം പോലീസ് സ്റ്റേഷനിൽ കാണാനില്ലെന്ന പരാതി നൽകിയത്.
വിവാഹത്തിന് തൊട്ടുമുൻപാണ് വിവാഹം നടന്ന ക്ഷേത്ര വേദിയിൽ ഇന്നലെ നാടകീയ സംഭവങ്ങൾ ഉണ്ടായത്. കോവളം കെഎസ് റോഡിന് സമീപത്തെ ക്ഷേത്രത്തിൽ അഖിലും ആൽഫിയയും തമ്മിലെ വിവാഹം നടക്കാനിരിക്കെ കായംകുളം പൊലീസ് കായംകുളം സ്വദേശിയായ ആൽഫിയയെ ബലം പ്രയോഗിച്ച് കൂടിക്കൊണ്ട് പോവുകയായിരുന്നു. കാണാതായെന്ന ബന്ധുക്കളുടെ പരാതിയിൽ ആൽഫിയയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാനാണ് കൊണ്ടുപോയത്. കോവളം സ്റ്റേഷനിലേക്കാണ് ആദ്യം പെൺകുട്ടിയെ കൊണ്ട് പോയത്. പെൺകുട്ടിയുടെ ബന്ധുക്കളും പൊലീസിനൊപ്പമുണ്ടായിരുന്നെങ്കിലും കൂടെ പോകാൻ ആൽഫിയ തയ്യാറായില്ല. ബലം പ്രയോഗിച്ചാണ് ഒടുവിൽ സ്വകാര്യ വാഹനത്തിലേക്ക് കയറ്റിയത്.
കോടതിയിൽ ഹാജരാക്കിയ ആൽഫിയയെ മജിസ്ട്രേറ്റ് വരനൊപ്പം വിട്ടയച്ചു. കായംകുളത്തെ ഒന്നാം ക്ലാസ് മജിസ്ട്രറ്റിന്‍റെ വീട്ടിലെത്തിച്ചപ്പോൾ ആൽഫിയ അഖിലിനൊപ്പം പോകണമെന്ന് വ്യക്തമാക്കി. ഈ സമയത്ത് അഖിലും ഇവിടെയെത്തിയിരുന്നു. അഖിലിനൊപ്പം പോകണമെന്ന് പെൺകുട്ടി ആവശ്യപ്പെട്ടതോടെ മജിസ്ട്രേറ്റ് പരാതി തീർപ്പാക്കി.