രണ്ട് ഹൃദയവും നട്ടെല്ലും… നാല് ചെവിയും കൈകാലുകളും….

നാല് കൈയ്യുകളും കാലുകളും രണ്ട് ഹൃദയവുമായി കുഞ്ഞ് ജനിച്ചു. രണ്ട് നട്ടെല്ലുകളും നാല് ചെവികളും കുഞ്ഞിനുണ്ടായിരുന്നതായി ഡോക്ടർമാർ പറയുന്നു. സഞ്ജീവനി നഴ്‌സിംഗ് ഹോമിലെ ഡോക്ടർ അനിൽ കുമാറാണ് ഇതുസംബന്ധിച്ച് വെളിപ്പെടുത്തൽ നടത്തിയത്. ബിഹാറിലെ സരൺ ജില്ലയിലാണ് അപൂർവ്വമായ അവസ്ഥയിൽ കുഞ്ഞ് ജനിച്ചത്.

സിസേറിയനിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അപൂർവ്വ അവസ്ഥയിൽ ജനിച്ചതിനാൽ മണിക്കൂറുകൾക്കുള്ളിൽ കുഞ്ഞിന് മരണം സംഭവിക്കുകയായിരുന്നു. ഛപ്ര സ്വദേശിയായ യുവതിയുടെ ആദ്യ പ്രസവത്തിലാണ് പ്രത്യേകതകൾ നിറഞ്ഞ കുഞ്ഞ് ജനിച്ചത്. പതിവ് പരിശോധനകൾക്കായി ആശുപത്രിയിലെത്തിയ യുവതിക്ക് അസ്വസ്ഥതകൾ തുടങ്ങിയതോടെ ശസ്ത്രക്രിയ വഴി കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു, നിലവിൽ അമ്മയുടെ ആരോഗ്യനില തൃപ്തികരമാണ്.

സാധാരണയിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ അവയവങ്ങളോടെ കുഞ്ഞുങ്ങൾ ജനിക്കുന്ന അവസ്ഥയെ പോളിമീലിയ എന്നാണ് വിശേഷിപ്പിക്കുക. ദശലക്ഷത്തിൽ ഒന്ന് എന്ന കണക്കിൽ ഇത് സംഭവിക്കുന്നു. ഗർഭം ധരിച്ച് ആറാം മാസത്തിലേക്ക് കടന്നുകഴിഞ്ഞാൽ ഗർഭണികളിൽ നടത്തുന്ന വിശദമായ പരിശോധനയിലൂടെ പോളിമീലിയ കണ്ടെത്താനും ഒരുപരിധി വരെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനും സാധിക്കും.

Related Articles

Back to top button