കേരളത്തിൽ വിൽക്കുന്ന ഈ 6 പച്ചക്കറികളിൽ വിഷാംശം കൂടുതൽ…. ഏതൊക്കെ ?

കേരളത്തില്‍ പൊതുവിപണിയില്‍ വില്‍പ്പനയ്ക്ക് എത്തുന്ന പഴം, പച്ചക്കറി എന്നിവയില്‍ വന്‍തോതില്‍ കീടനാശിനി അംശമുള്ളതായി പഠനം. സേഫ് ടു ഈറ്റ് പദ്ധതി പ്രകാരം കാര്‍ഷിക സര്‍വകലാശാല തുടര്‍ച്ചയായി നടത്താറുള്ള പഠനത്തിലാണ് കണ്ടെത്തല്‍. പച്ചക്കറിയില്‍ 35 ശതമാനത്തിലേറെയാണ് വിഷാംശം.പഴവര്‍ഗം, സുഗന്ധ വ്യഞ്ജനം എന്നിവയിലും വിഷാംശമുണ്ട്. കേരളത്തിൽ വിൽക്കുന്ന പച്ചക്കറികളിൽ വഴുതന, പച്ചച്ചീര, ബജിമുളക്, കാപ്സിക്കം, ബ്രോക്കോളി, സാമ്പാര്‍ മുളക് തുടങ്ങിയ സാമ്പിളുകളില്‍ കൂടുതല്‍ കീടനാശിനിയുള്ളതായി സേഫ് ടു ഈറ്റ് പദ്ധതിയുടെ ഭാഗമായി പുറത്തിറക്കിയ 57-ാം റിപ്പോര്‍ട്ടില്‍ പറയുന്നു. പൊതുവിപണിയുമായി താരതമ്യം ചെയ്യുമ്പോള്‍ കര്‍ഷകരില്‍ നിന്ന് നേരിട്ട് ശേഖരിച്ച പച്ചക്കറികളില്‍ കീടനാശിനി അംശം കുറവാണ്. 27.47 ശതമാനം. ഇക്കോ ഷോഷുകളിലും (26.73ശതമാനം) ജൈവമെന്ന പേരില്‍ വില്‍പ്പന നടത്തുന്ന കടകളിലും കീടനാശിനി സാന്നിദ്ധ്യം താരതമ്യേന കുറവാണ്, 20ശതമാനം. കൃഷിഭവനുകളുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഇക്കോഷോപ്പുകളിലെ പഴവര്‍ഗങ്ങളില്‍ കീടനാശിനിയില്ല.അതേസമയം പൊതുവിപണിയിലെ റോബസ്റ്റ, സപ്പോട്ട, ഉണക്ക മുന്തിരി (കറുപ്പ്) എന്നിവയില്‍ 50 ശതമാനം കീടനാശിനിയുണ്ട്. ഏലക്ക, ചതച്ച മുളക്, കാശ്മീരി മുളക് തുടങ്ങിയ സുഗന്ധ ദ്രവ്യങ്ങളുടെ സ്ഥിതിയും ഭിന്നമില്ല. 2006ലെ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ചില ഭക്ഷ്യവസ്തുക്കളില്‍ അനുവദനീയമായ വിഷാംശത്തോത് നിശ്ചയിച്ചിട്ടുണ്ട്. നിശ്ചയിച്ചിട്ടില്ലാത്തവയില്‍ തോത് 0.01 പി.പി.എം (പാര്‍ട്ട് പെര്‍ മില്യണ്‍) ആയിരിക്കണമെന്നാണ് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ ഉത്തരവ്.

Related Articles

Back to top button