പണം മോഷ്ടിച്ചവരെ പിടിക്കാൻ… വീട്ടമ്മ ഓട്ടോറിക്ഷയിൽ പിന്നാലെ പോയി… പിന്നീട് സംഭവിച്ചത്…
തിരുവാർപ്പ് പുള്ളാശേരി അനൂപിന്റെ ഭാര്യ അശ്വനിയുടെ ബാഗിൽ നിന്നു 2400 രൂപയാണു നഷ്ടപ്പെട്ടത്. കോട്ടയത്തു നിന്നു കുമരകത്തേക്കു പോയ ബസിൽ ചാലുകുന്നിൽ നിന്നു കയറിയ അശ്വനി ഇല്ലിക്കൽ കവലയിൽ ഇറങ്ങി. കടയിൽ നിന്നു സാധനങ്ങൾ വാങ്ങാൻ ബാഗ് പരിശോധിച്ചപ്പോഴാണു പണം നഷ്ടപ്പെട്ടത് അറിയുന്നത്.ബസിൽ മാസ്ക് ധരിച്ച 2 സ്ത്രീകളെ അശ്വനി കണ്ടിരുന്നു. ഇവരാകാം മോഷണം നടത്തിയതെന്ന നിഗമനത്തിൽ ഒരു ഓട്ടോ വിളിച്ചു ബസിനു പിന്നാലെ വിട്ടു. ബസ് മരുതനകലുങ്കിനു സമീപമെത്തിയപ്പോൾ തടഞ്ഞു. തുടർന്ന് അശ്വനി, സംശയമുണ്ടായിരുന്ന 2 സ്ത്രീകളെ പരിശോധിച്ചു. ഈ സമയം, കൈവശമുണ്ടായിരുന്ന പണം ഇവർ ബസിലിട്ടു.പൊലീസ് എത്തി പരാതിക്കാരിയെയും ആരോപണവിധേയരെയും സ്റ്റേഷനിലേക്കു കൊണ്ടുപോയി. ബസിൽനിന്ന് ഒരു പഴ്സും പൊലീസിനു കിട്ടി. ഇതും മോഷ്ടിച്ചതാണെന്നു കരുതുന്നു. ഇതിലെ ഐഡി കാർഡ് പൊലീസ് പരിശോധിച്ചപ്പോൾ താഴത്തങ്ങാടി സ്വദേശിനിയുടേതാണെന്നു മനസ്സിലായിട്ടുണ്ട്. ഇതരസംസ്ഥാനത്തു നിന്നുള്ളവരാണ് ആരോപണവിധേയരായ സ്ത്രീകൾ.