4000 രൂപയ്‍ക്ക് വാങ്ങിയ പഴകിയ കസേര.. വിറ്റത് 82 ലക്ഷത്തിന്!!!

ഫേസ്ബുക്ക് മാർക്കറ്റ്‍പ്ലേസിലൂടെ ആളുകൾ പലവിധത്തിലുമുള്ള വസ്തുകൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നത് നമുക്കെല്ലാം അറിയാം. അതിലൂടെ ചിലർ വലിയ ലാഭവും നേടാറുണ്ട്. എന്നാലും വെറും നാലായിരം രൂപയ്‍ക്ക് വാങ്ങിയ ഒരു കസേര 82 ലക്ഷം രൂപയ്‍ക്ക് മറിച്ച് വിറ്റു എന്ന് കേട്ടാൽ ആരായാലും ഞെട്ടിപ്പോവും അല്ലേ? എന്നാൽ, അങ്ങനെ ഒരു സംഭവം നടന്നു. ടിക്ടോക്കറും കണ്ടന്റ് ക്രിയേറ്ററുമായ ജസ്റ്റിൻ മില്ലറാണ് നാലായിരത്തിന് വാങ്ങിയ കസേര 82 ലക്ഷത്തിന് വിറ്റത്.

ലോസ് ഏഞ്ചലസ് നിവാസി കൂടിയായ ജസ്റ്റിൻ മില്ലറിന് ഈ കസേര കണ്ടപ്പോൾ തന്നെ അതിന് എന്തോ ഒരു പ്രത്യേകത ഉള്ളതായി തോന്നിയിരുന്നു. എങ്കിലും അത് ഇത്രയധികം രൂപയ്‍ക്ക് വിൽക്കാൻ സാധിക്കും എന്നത് മില്ലർ സ്വപ്നം പോലും കണ്ടിരുന്നില്ല. ‘ആന്റിക്ക് റോഡ്‍ഷോ’ എന്ന പരിപാടിയുടെ ഒരു എപ്പിസോഡ് പോലും മിസ്സാക്കാതെ താൻ കാണാറുണ്ട് എന്ന് മില്ലർ പറയുന്നു. ‘പുരാവസ്തുക്കൾ തിരിച്ചറിയുന്ന കാര്യത്തിൽ താൻ ഒരു വിദ​ഗ്ദ്ധനൊന്നും അല്ല. എന്നാൽ, തന്റെ കണ്ണുകൾ മികച്ചതാണ്. അതിനാൽ ചില കാര്യങ്ങൾ തിരിച്ചറിയാൻ സാധിക്കും’ എന്നും മില്ലർ പറഞ്ഞു.

അതിനാൽ തന്നെ ആ പഴകിയ കസേര കണ്ടപ്പോൾ അതിനെന്തോ പ്രത്യേകത ഉള്ളതായി മില്ലറിന് തോന്നി. ​ഗൂ​ഗിളിൽ തിരഞ്ഞപ്പോൾ അതുപോലെ ഉള്ള കുറച്ചധികം പഴക്കമുള്ള ഒരു കസേരയ്ക്ക് ഒരുകോടിയിലധികം രൂപയാണ് വില എന്ന് കണ്ടു. അതോടെ ഈ കസേര തനിക്ക് കുറച്ച് അധികം ആയിരങ്ങൾ നേടിത്തരും എന്നാണ് മില്ലർ പ്രതീക്ഷിച്ചത്. എന്നാൽ, മില്ലർ പോലും പ്രതീക്ഷിക്കാത്ത തുകയാണ് കസേരയ്‍ക്ക് കിട്ടിയത്. കസേരയ്‍ക്ക് പ്രത്യേകതയുണ്ട് എന്ന് തിരിച്ചറിഞ്ഞ ഉടനെ തന്നെ 2.5 ലക്ഷം രൂപ നൽകി മില്ലർ അത് നന്നാക്കിച്ചു. പിന്നീട്, സോതെബിയുടെ അടുത്തെത്തിച്ച് ലേലത്തിന് വച്ചു. സോതെബി പോലും കരുതിയിരുന്നത് 25 -40 ലക്ഷം വരെ കസേരയ്ക്ക് കിട്ടും എന്നായിരുന്നു. എന്നാൽ, എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് 82 ലക്ഷത്തിനാണ് കസേര വിറ്റുപോയത്. മില്ലർ, ഇക്കാര്യങ്ങളെല്ലാം തന്റെ ടിക്ടോക്ക് വീഡിയോയിൽ പറയുന്നുണ്ട്.

Related Articles

Back to top button