ശ്രീമഹേഷ് പെട്ടെന്ന് പ്രകോപിതനായി.. ബ്ലേഡ് എടുത്ത് കഴുത്തിലും കയ്യിലും മുറിച്ചു…

മാവേലിക്കര: ശ്രീമഹേഷിൻ്റെ ആത്മഹത്യാശ്രമത്തിൽ പ്രതികരണവുമായി മാവേലിക്കര ജയിൽ സൂപ്രണ്ട്. ശ്രീമഹേഷ് അക്രമ സ്വഭാവത്തിലാണെന്ന് പൊലീസ് അറിയിച്ചിരുന്നു. വാറൻ്റ് മുറിയിൽ എത്തിച്ച ശേഷം പൊലീസുകാർ മടങ്ങി. എന്നാൽ രേഖകൾ തയ്യാറാക്കുന്നതിനിടെ പെട്ടെന്ന് പ്രകോപിതനാവുകയായിരുന്നു. ജയിൽ ഉദ്യാഗസ്ഥരെ തള്ളിമാറ്റി പേപ്പർ മുറിക്കുന്ന ബ്ളേഡ് എടുത്തു കഴുത്തിലും ഇടതു കൈയിലും ഞരമ്പുകൾ മുറിച്ചുവെന്നും ജയിൽ സൂപ്രണ്ട് പറയുന്നു. എന്നാൽ ജയിലിൽ എത്തിച്ചപ്പോൾ ശാന്തനായിരുന്നത് കൊണ്ടാണ് കുടുതൽ സുരക്ഷ ഏർപ്പെടുത്താതിരുന്നതെന്നും സൂപ്രണ്ട് കൂട്ടിച്ചേർത്തു.

അതിനിടെ, മകളുടെ മരണത്തിൽ സംശയമുണ്ടെന്ന പരാമർശവുമായി ശ്രീമഹേഷിനെതിരെ ഭാര്യയുടെ മാതാപിതാക്കൾ രം​ഗത്തെത്തി. ശ്രീമഹേഷിന്റെ ഭാര്യ വിദ്യ രണ്ട് വർഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. മരണത്തിൽ സംശയമുണ്ട്. ഇത് കൊലപാതകം ആണോയെന്ന് സംശയിക്കുന്നതായും അമ്മ രാജശ്രീ പറഞ്ഞു. ശ്രീമഹേഷ്‌ പണം ചോദിച്ച് ഭീഷണിപ്പെടുത്തിയിരുന്നെന്ന് പിതാവ് ലക്ഷ്മണൻ പറഞ്ഞു. പണം നൽകിയില്ലെങ്കിൽ 3 പേരും ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞിരുന്നുവെന്നും പിതാവ് പറയുന്നു.

അതേസമയം, മഹേഷിന്റെ നിലയിൽ പുരോഗതിയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ആലപ്പുഴ മെഡിക്കൽ കോളേജിലെ സർജിക്കൽ ഐസിയുവിലുള്ള മഹേഷ് ഇപ്പോൾ സംസാരിച്ചു തുടങ്ങി. മാവേലിക്കര സബ് ജയിലിൽ വെച്ചാണ് ശ്രീ മഹേഷ് ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സംഭവമുണ്ടായത്. പ്രതിയെ സെല്ലിലേക്ക് മാറ്റും മുമ്പ് രേഖകൾ ശരിയാക്കാനായി ജയിൽ സൂപ്രണ്ടിന്റെ ഓഫീസിലേക്ക് എത്തിച്ചപ്പോഴാണ് പേപ്പർ മുറിക്കുന്ന കത്തി കൊണ്ട് കഴുത്തിലെയും കൈയിലേയും ഞരമ്പ് മുറിച്ചത്.

Related Articles

Back to top button