പാഴ്സൽ ലോറി പരിശോധിച്ചപ്പോൾ കണ്ടത് കരളലിയിക്കുന്ന കാഴ്ച…..
കൊല്ലം–തേനി ദേശീയപാതയിൽ ആനയടി പാലത്തിനു സമീപം കുന്നത്തൂർ സബ് ആർടി ഓഫിസിലെ ഉദ്യോഗസ്ഥർ നടത്തിയ വാഹന പരിശോധനയ്ക്കിടെ ഉച്ചയ്ക്ക് 1.30നാണ് സംഭവം. വശങ്ങളിൽ റജിസ്ട്രേഷൻ നമ്പർ പതിക്കാത്ത വാഹനം ഉദ്യോഗസ്ഥർ തടഞ്ഞപ്പോൾ പാഴ്സൽ ലോറിയെന്നാണ് ഡ്രൈവർ പറഞ്ഞത്. എന്നാൽ മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ വേണുകുമാർ, ശ്യാം ശങ്കർ എന്നിവർ സംശയം തോന്നി ഉള്ളിൽ കയറി പരിശോധിച്ചപ്പോഴാണ് കരളലിയിക്കുന്ന കാഴ് കണ്ടത്.
കണ്ടെയ്നറിനുള്ളിലെ കൊടിയ ചൂടിൽ അവശനിലയിലായ കാളകളെയാണ് കണ്ടെത്തിയത്. കന്നുകാലികളെ കുത്തിനിറച്ചെത്തിയ കണ്ടെയ്നർ ലോറി മോട്ടർവാഹന വകുപ്പ് പിടിച്ചെടുത്തു. തമിഴ്നാട് പൊള്ളാച്ചിയിൽ നിന്നും 21 കാളകളുമായി ജില്ലാ അതിർത്തിയായ ആനയടി വയ്യാങ്കരയിലെ കാലി ചന്തയിലേക്ക് എത്തിയ കർണാടക റജിസ്ട്രേഷനിലുള്ള ലോറിയാണ് പിടിച്ചെടുത്തത്. സംഭവത്തിൽ പൊള്ളാച്ചി സ്വദേശികളായ ലോറി ഡ്രൈവർ മണികണ്ഠൻ (31), ക്ലീനർമാരായ ശിവകുമാർ (32), ബാലസുബ്രഹ്‌മണ്യം (35), ഏജന്റ് ശൂരനാട് സ്വദേശി സുൽഫി എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു.
ഇരുമ്പ് കാബിനുള്ളിൽ മുകൾ വശത്തേക്ക് ചെറിയ കിളിവാതിൽ മാത്രമാണുള്ളത്. വാഹനം കസ്റ്റഡിയിലെടുക്കാനുള്ള ഉദ്യോഗസ്ഥരുടെ നീക്കം കന്നുകാലി വ്യാപാരികളെത്തി തടഞ്ഞു.
കാളകളെ വയ്യാങ്കര കാലി ചന്തയിൽ ഇറക്കിയ ശേഷം പൊലീസിന്റെ സഹായത്തോടെ ലോറി ശൂരനാട് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. മോട്ടർവാഹന വകുപ്പ് ഉദ്യോസ്ഥരുടെയും ലോറി ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തിയ ശേഷം ലോറി ഡ്രൈവർ, ഏജന്റ് എന്നിവർക്കെതിരെ കേസെടുത്തു. റജിസ്ട്രേഷൻ നമ്പർ പതിക്കാത്ത കാര്യങ്ങളിൽ ഉൾപ്പെടെ പിഴ ഈടാക്കിയ ശേഷം വാഹനം പൊലീസിനു കൈമാറിയെന്നും ഇത്തരം കേസുകളിൽ വാഹന പരിശോധന കർശനമാക്കുമെന്നും കുന്നത്തൂർ ജോ.ആർടിഒ ആർ.ശരത്ചന്ദ്രൻ പറഞ്ഞു.