അവസാനമായി പറഞ്ഞ ആഗ്രഹം.. നോവായി സെൽഫി…
കേരളക്കരെയെ ഒന്നാകെ ദുഃഖത്തിലാഴ്ത്തിയ വാർത്തയാണ് കൊല്ലം സുധിയുടെ അകാല വിയോഗം. പ്രിയ സുഹൃത്തിനെ, സഹപ്രർത്തകനെ കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. ഈ അവസരത്തിൽ നടൻ ടിനി ടോം പങ്കുവച്ചൊരു സെൽഫിയാണ് ഏവരുടെയും കണ്ണിനെ ഈറനണിയിക്കുന്നത്.
സുധിക്കൊപ്പം എടുത്ത അവാസന സെൽഫിയാണ് ടിനി പങ്കുവച്ചിരിക്കുന്നത്. “ദൈവമേ വിശ്വസിക്കാൻ ആകുന്നില്ല ഇന്നലെ ഒരുമിച്ചായിരുന്നു വേദിയിൽ രണ്ട് വണ്ടികളിൽ ആയിരിന്നു ഞങ്ങള് തിരിച്ചത് ,പിരിയുന്നതിനു മുൻപ് സുധി ഒരു ആഗ്രഹം പറഞ്ഞു ഒരുമിച്ചു ഒരു ഫോട്ടോ എടുക്കണം എന്നിട്ടു ഈ ഫോട്ടോ എനിക്ക് അയച്ചും തന്നു …ഇങ്ങനെ ഇടാൻ വേണ്ടിയാണോ ഈ ചിത്രം എനിക്ക് അയച്ചത് …മോനെ ഇനി നീ ഇല്ലേ ..ആദരാഞ്ജലികൾ മുത്തേ”, എന്നാണ് ടിനി ടോം ഫോട്ടോയ്ക്ക് ഒപ്പം കുറിച്ചത്.
ഇന്ന് പുലർച്ചെ നാലരയോടെ ആണ് കൊല്ലം സുധിയുടെ ജീവനെടുത്ത അപകടം നടന്നത്. കയ്പമംഗലം പനമ്പിക്കുന്നിലായിരുന്നു അപകടം. വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്കും പരിക്കുണ്ട്. ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.