എന്റെ കല്യാണം ഇന്നായിരുന്നു… പക്ഷേ നടന്നില്ല….
.
അവതാരകനായ കാർത്തിക് സൂര്യ ഏവർക്കും പരിചിതനാണ്. ‘ഒരു ചിരി ഇരു ചിരി ബമ്പർ ചിരി’ എന്ന പരിപാടിയിലൂടെ ചിരിയുടെ രസച്ചരട് പൊട്ടിക്കുന്ന ആളാണ് കാർത്തിക്. അതിനും വളരെ മുൻപ് തന്നെ കാർത്തിക് സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ എന്ന നിലയിൽ ശ്രദ്ധ നേടിയിരുന്നു. ഇന്ന് കാർത്തിക്കിന്റെ വിവാഹം നടക്കേണ്ട ദിവസമായിരുന്നു. എന്നാൽ ആ വിവാഹം നടന്നില്ല.
തന്റെ യൂട്യൂബ് വ്ളോഗിലാണ് കാർത്തിക് ഇക്കാര്യം അവതരിപ്പിച്ചത്. പ്രണയിച്ച പെണ്ണിനെ സ്വന്തമാക്കും എന്ന് കാർത്തിക് ഏറെനാൾ മുൻപ് അറിയിച്ചെങ്കിലും, പിന്നെ ഒരു നീണ്ട മൗനമാണ് കാർത്തിക്കിന്റെ ഭാഗത്തു നിന്നും ഫാൻസ് കണ്ടത്. ആ മൗനത്തിന്റെ കാരണം കാർത്തിക് തന്നെ പറയും. വിവാഹം എന്തുകൊണ്ട് നടന്നില്ല എന്നും വിവാഹത്തിൽ എത്തിക്കാമെന്ന് ഉറപ്പുള്ള ബന്ധമായതു കൊണ്ടാണ് താൻ കാര്യം വീട്ടുകാരോട് അവതരിപ്പിച്ചതും, ഇരുവീട്ടുകാരും കല്യാണത്തിന് സമ്മതിച്ചതും. പക്ഷേ…
ഇന്നത്തെ കാലത്തെ ‘തേപ്പാണോ’ എന്ന് ചോദിച്ചാൽ, അങ്ങനെ പറയാനും കഴിയില്ലെന്ന് കാർത്തിക്. തന്റെ മാനസികാവസ്ഥ പരുങ്ങലിൽ ആയതുകൊണ്ടാണ് അത്രയും നാൾ സോഷ്യൽ മീഡിയയിൽ പുതിയ കണ്ടന്റുകൾ ഒന്നും ഇടാത്തത്. ഇക്കാര്യങ്ങളുമായി പൊരുത്തപ്പെടാൻ ഏറെ സമയം വേണ്ടിവന്നു.
സീനിൽ വീട്ടുകാർ കൂടിയതും, അഭിപ്രായവ്യത്യാസം തലപൊക്കി. ഒരുവിധത്തിലും ചേർന്നുപോകാൻ കഴിയാത്തത്ര പ്രശ്നങ്ങൾ ആരംഭിച്ചു. ഏതുകാര്യത്തിലും സ്വരച്ചേർച്ച ഉണ്ടാവാതെയായി. ഒടുവിൽ താനും വധുവും ചേർന്ന് അക്കാര്യം തീരുമാനിക്കുകയായിരുന്നു എന്നും ബന്ധത്തിൽ നിന്നും പിന്മാറുകയായിരുന്നു എന്നും കാർത്തിക്.ജീവിതത്തിൽ വേണ്ടത് മനഃസമാധാനം ആണെന്നും, അതാണ് തനിക്ക് മുഖ്യമെന്നും കാർത്തിക്. ഇപ്പോഴത്തേതും, ഇനിയുള്ളതുമായ ഭാവി എന്താകും തുടങ്ങിയ ചർച്ചകളാണ് ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയത്. ഇതിനിടെ വേണ്ടപ്പെട്ടൊരാളുടെ കല്യാണത്തിന് മാനസിക വിഷമത്തോടെ പങ്കെടുത്തു എന്നും കാർത്തിക് ഇനി ആരെയും പ്രണയിച്ച് വീട്ടുകാർക്ക് മുൻപിൽ കൊണ്ടുവരില്ലെന്ന് കാർത്തിക്. ഏറെ പ്രയാസപ്പെട്ടാണ് താൻ ജീവിതത്തിൽ തിരിച്ചടിയിൽ നിന്നും കരകയറിയത് എന്നും കാർത്തിക് പറയുന്നു.