അനക്കമുണ്ടെന്ന് കണ്ടപ്പോൾ വെള്ളം നൽകി… മരണം ഉറപ്പാക്കാൻ ….
ഇടുക്കി: കാഞ്ചിയാറിൽ അദ്ധ്യാപിക അനുമോളെ കൊലപ്പെടുത്തി ഭർത്താവ് പുതപ്പിൽ പൊതിഞ്ഞ് കട്ടിലിനിടയിൽ സൂക്ഷിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. സ്കൂൾ വിദ്യാർത്ഥികളിൽ നിന്ന് പിരിച്ചെടുത്ത പണം അനുമോൾ അനുമോൾ കൈയിൽ സൂക്ഷിച്ചിരുന്നു. ഈ പണം അനുമോളുടെ കൈയിൽ നിന്ന് ബലമായി ഭർത്താവ് ബിജേഷ് വാങ്ങിയിരുന്നു. തുക തിരികെ നൽകാത്തതിനെ ചൊല്ലി തർക്കമുണ്ടായി. അനുമോൾ ബിജേഷിനെതിരെ വനിതാ സെല്ലിൽ നൽകിയ പരാതിയും കൊലയിലേക്ക് നയിച്ചു.
സ്കൂളിൽ പോയി തിരികെ വീട്ടിലെത്തിയ അനുമോളും ഭർത്താവും തമ്മിൽ സംഭവ ദിവസം തർക്കമുണ്ടായി. ഇവരുടെ അഞ്ച് വയസുകാരി മകൾ ഉറങ്ങിയശേഷമായിരുന്നു വഴക്ക്. തർക്കത്തിനൊടുവിൽ ഹാളിൽ കസേരയിലിരുന്ന അനുമോളെ പിന്നിൽ നിന്നും ഷാൾ കഴുത്തിൽ കുരുക്കി ശ്വാസം മുട്ടിച്ച് ബിജേഷ് കൊലപ്പെടുത്തുകയായിരുന്നു. ബോധം കെട്ട അനുമോളെ കസേരയോടെ നിലത്തേക്ക് വലിച്ചെറിഞ്ഞു. ഈ വീഴ്ചയിൽ തല തറയിലിടിച്ച് ക്ഷതമേറ്റു. ഇതിനെ തുടർന്നുണ്ടായ ആന്തരിക രക്തസ്രാവവും മരണകാരണമായി.
തുടർന്ന് ബിജേഷ് അനുമോളെ മുറിയിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി. പിന്നാലെ അനുമോൾക്ക് നേരിയ ചലനമുണ്ടായി. തുടർന്ന് ബിജേഷ് വെള്ളം നൽകിയ ശേഷം വീണ്ടും ഷാൾ കൊണ്ട് മുറുക്കി ശ്വാസം മുട്ടിച്ച് മരണം ഉറപ്പുവരുത്തി. പിന്നീട് ആത്മഹത്യ എന്ന് വരുത്തി തീർക്കാനായി അനുവിന്റെ കൈ ഞരമ്പ് ബ്ലേഡ് ഉപയോഗിച്ച് മുറിച്ചു. ഇതിനിടെ ബിജേഷ് ആത്മഹത്യയ്ക്കും ശ്രമിച്ചിരുന്നു. പിറ്റേ ദിവസം രാവിലെ മൃതദേഹം പുതപ്പിനുള്ളിൽ ഒളിപ്പിച്ചു. പിന്നാലെ വെങ്ങലൂർക്കടയിലെ തറവാട്ടിലെത്തി അനുമോളെ കാണാനില്ലെന്ന് തെറ്റിദ്ധരിപ്പിച്ചു. അനുവിന്റെ മാതാപിതാക്കളെയും വിവരം അറിയിച്ചിരുന്നു. പോലീസിൽ പരാതിയും നൽകി ബിജേഷ് തമിഴ്നാട്ടിലേക്ക് കടന്നു.