ചെയ്യാത്ത കുറ്റത്തിന് യുവാവിനെ ക്രൂരമായി തല്ലിച്ചതച്ചു… പോലീസ് ഉദ്യോഗസ്ഥർക്കെതിരെ….

ആലപ്പുഴ: ചെയ്യാത്ത കുറ്റത്തിന് യുവാവിനെ കൂട്ടം ചേർന്ന് ക്രൂരമായി തല്ലിച്ചതച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസ്. ഡിവൈഎസ്പി ഉൾപ്പെടെ ഏഴ് ഉദ്യോഗസ്ഥർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഹരിപ്പാട് സ്വദേശി എസ് അരുൺ എന്ന യുവാവിനെയാണ് ഡിവൈഎസ്പി മനോജ് ടി നായർ ഉൾപ്പെടെയുള്ളവർ തല്ലിച്ചതച്ചത്. ഒരു മാസത്തോളം അരുൺ ആശുപത്രിയിൽ കഴിയുകയായിരുന്നു.

2017 ഒക്ടോബർ 17 നാണ് അരുണിനെ ഒരു സംഘം പോലീസുകാർ ക്രൂരമായി മർദ്ദിച്ചത്. ഹരിപ്പാട്ടെ സഹകരണ ബാങ്ക് ഉദ്യോഗസ്ഥനാണ് എസ് അരുൺ. ഒക്ടോബർ 17ന് യുഡിഎഫ് ഹർത്താലായിരുന്നു. ബാങ്കിൽ പോയി ഉച്ചക്ക് തിരിച്ച് വീട്ടിലെത്തിയ അരുണിനെ തേടി മഫ്തിയിൽ പോലീസുകാരെത്തി. സിഐ സ്റ്റേഷനിലേക്ക് ചെല്ലാൻ ആവശ്യപ്പെട്ടു എന്ന് മാത്രമാണ് ഇവർ അരുണിനോട് പറഞ്ഞത്. സ്റ്റേഷനിലെത്തിയപ്പോഴാണ് തന്നെ കള്ളക്കേസിൽ കുടുക്കിയെന്ന വിവരം അരുണിന് മനസിലാകുന്നത്.

കെഎസ്ആർടിസി ബസിന് കല്ലെറിഞ്ഞു എന്ന കള്ളക്കേസ് ചുമത്തിയാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അരുണിന് ബോധ്യപ്പെട്ടത് എഫ്‌ഐആർ കാണുമ്പോൾ മാത്രമാണ്. പിന്നീട് അന്നത്തെ ഹരിപ്പാട് സിഐയും നിലവിൽ മലപ്പുറത്തെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുമായ മനോജ് ടി നായർ, എസ് ഐ രതിഷ് ഗോപി എന്നിവരടക്കം ഏഴ് പോലീസുകാർ അരുണിനെ മർദ്ദിച്ചു.

പോലീസിന്റെ കൊടും ക്രൂരതയ്‌ക്കെതിരെ അരുണിന്റെ ഭാര്യ അശ്വതി മനുഷ്യാവകാശ കമീഷനെ സമീപിച്ചു. 35000 രൂപ നഷ്ടപരിഹാരം നൽകാനും ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാനും കമ്മീഷൻ ഉത്തരവിട്ടു. എന്നാൽ, കേസിൽ ഒരു നടപടിയും ഉണ്ടായില്ല. പിന്നീട് ഉത്തരവ് നടപ്പാക്കത്തതിനെതിരെ കുടുംബം ഹൈക്കോടതിയിലെത്തി. ഹൈക്കോടതിയാണ് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ടത്.

Related Articles

Back to top button