സ്കൂട്ടർ ഓടിക്കുന്നതിനിടെ കമിതാക്കളുടെ ചുംബനം.. ചോദ്യം ചെയ്ത യുവാവിനെ…
സ്കൂട്ടർ ഓടിക്കുന്നതിനിടെ ചുംബിച്ച കമിതാക്കളെ ചോദ്യം ചെയ്തതിന്റെ പേരിൽ കോളജ് വിദ്യാർഥികളുടെ മർദ്ദനമേറ്റ യുവാവ് മരിച്ചു. നിറയെ വീടുകളും താമസക്കാരുമുള്ള സ്ഥലത്ത് കമിതാക്കൾ അടുത്തിടപഴകിയതിനെ ചോദ്യം ചെയ്തതിനാണ് ഇവരും സഹപാഠികളും ചേർന്ന് യുവാവിനെ മർദ്ദിച്ചത്. ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായിരുന്ന യുവാവ് പിന്നീട് മരണത്തിനു കീഴടങ്ങി. ഉത്തർപ്രദേശിലെ സാഹിബാബാദിലാണ് സംഭവം. ഇവിടുത്തെ പച്ചക്കറി മാർക്കറ്റിലെ ജീവനക്കാരനും ജിം ട്രെയ്നറുമായ വിരാട് മിശ്ര എന്ന ഇരുപത്തേഴുകാരനാണ് മരിച്ചത്.
സാഹിബാബാദിലെ എൽആർ കോളജിനു സമീപമാണ് വിരാട് മിശ്രയ്ക്ക് മർദ്ദനമേറ്റതെന്നാണ് പൊലീസ് നൽകുന്ന വിവരം. സംഭവത്തിനു ദൃക്സാക്ഷിയായ ബണ്ടി കുമാറിന്റെ പരാതിയിലാണ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ‘‘മനീഷ് കുമാർ എന്നയാൾ സ്കൂട്ടർ ഓടിക്കുന്നതിനിടെ ഒപ്പമുണ്ടായിരുന്ന യുവതിയെ ചുംബിക്കുന്നത് ഞങ്ങൾ കണ്ടു. ഇതുകണ്ട വിരാട് മിശ്ര അവരെ തടഞ്ഞു. ആളുകൾ തിങ്ങിപ്പാർക്കുന്ന ഇവിടെ ഇത്തരം പ്രവൃത്തികൾ അനുവദിക്കാനാകില്ലെന്നും, മറ്റെവിടെയങ്കിലും പോകാനും വിരാട് മിശ്ര ആവശ്യപ്പെട്ടു. ’ – ബണ്ടി കുമാർ പരാതിയിൽ പറഞ്ഞു. ‘‘വിരാട് തടഞ്ഞതിൽ കുപിതനായ മനീഷ് കുമാർ, ഉടൻതന്നെ അയാളുടെ സുഹൃത്തുക്കളായ വിദ്യാർഥികളെ വിളിച്ചുവരുത്തി. അവരെല്ലാം ചേർന്ന് വടിയും ഇഷ്ടികയും ഉപയോഗിച്ച് വിരാടിനെ മർദ്ദിച്ചു. ഞാൻ തടയാൻ ശ്രമിച്ചെങ്കിലും അവർ എന്നെയും ക്രൂരമായി മർദ്ദിച്ചു. അതിനുശേഷം അവർ രക്ഷപ്പെടുകയും ചെയ്തു’ – ബണ്ടി വിശദീകരിച്ചു. അക്രമികൾ പോയതിനു പിന്നാലെ വിരാട് മിശ്രയെ ഗാസിയാബാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശപ്പിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാൽ ഡൽഹിയിലെ ആശുപത്രിയിലേക്കു മാറ്റി. രാത്രിയോടെ വിരാട് മരണത്തിനു കീഴടങ്ങി. സംഭവവുമായി ബന്ധപ്പെട്ട് ആറു വിദ്യാർഥികൾക്കെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. മനീഷ് കുമാറിനും ഇയാളുടെ സുഹൃത്തുക്കളായ മനീഷ് യാദവ്, ഗൗരവ് കസാന, ആകാശ് കുമാർ, പങ്കജ് സിങ്, വിപുൽ കുമാർ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇവർക്കെതിരെ കൊലക്കുറ്റവും ചുമത്തുമെന്ന് സാഹിബാബാദ് പൊലീസ് അറിയിച്ചു.