ഇനി ഷഹാനയ്ക്കൊപ്പം പ്രണവ് ഇല്ല…

തൃശ്ശൂര്‍: സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയനായിരുന്ന തൃശ്ശൂര്‍ കണ്ണിക്കര സ്വദേശി പ്രണവ് അന്തരിച്ചു. ഇന്ന് രാവിലെ രക്തം ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അവശനായിരുന്ന പ്രണവിനെ രക്ഷിക്കാനായില്ല. ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.

2022 മാര്‍ച്ച് നാലിനാണ് പ്രണവ് തിരുവന്തപുരം സ്വദേശിയായ ഷഹാനയെ ജീവിത സഖിയാക്കുന്നത്. സമൂഹമാധ്യമത്തിലൂടെയുള്ള അടുപ്പം പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലെത്തുകയായിരുന്നു. ഒട്ടേറെ എതിര്‍പ്പുകള്‍ മറികടന്നാണ് ഷഹാന പ്രണവിന്റെ ജീവിതത്തിലെത്തിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വാഹനാപകടത്തില്‍ പരിക്കേറ്റ് ശരീരം മുഴുവന്‍ തളര്‍ന്ന പ്രണവ് സമാനമായ അവസ്ഥയിലൂടെ കടന്നുപോകുന്ന ഒട്ടേറെ പേര്‍ക്ക് പ്രചോദനമായിരുന്നു. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ പരിപാടികളില്‍ സജീവമായിരുന്നു.

ബികോം പൂര്‍ത്തിയാക്കി തുടര്‍പഠനവും ജോലിയുമെല്ലാം സ്വപ്നം കാണുന്ന സമയത്താണ് പ്രണവിന്‍റെ ജീവിതം കീഴ്‌മേല്‍ മറിഞ്ഞത്. ഒരു ബൈക്കപകടത്തിന്റെ രൂപത്തില്‍ വിധി പ്രണവിന്‍റെ സ്വപ്നങ്ങളെ തകര്‍ത്തു. സുഹൃത്തിനൊപ്പം ബൈക്കില്‍ പോകുന്നതിനിടെ അപ്രതീക്ഷിതമായി സംഭവിച്ച അപകടത്തിന്‍റെ വീഴ്ചയില്‍ നിന്ന് പിന്നീട് പ്രണവിന് എഴുന്നേല്‍ക്കാനായില്ല. സ്വന്തം കാര്യങ്ങള്‍ ചെയ്യാന്‍ പോലും മറ്റുള്ളവരെ ആശ്രയിക്കേണ്ട അവസ്ഥ. എങ്കിലും കിടക്കയില്‍ നിന്നെഴുന്നേറ്റ് വീല്‍ചെയറില്‍ സഞ്ചരിക്കാമെന്ന സാഹചര്യമായി. അപ്പോഴേക്ക് പ്രണവിന് പൂര്‍ണ്ണ പിന്തുണയുമായി കൂട്ടുകാര്‍ സജീവമായിരുന്നു.

Related Articles

Back to top button