ശബരിമലയില്‍ കയറിയതിനാല്‍ ഇപ്പോഴും ബസുകളില്‍ പോലും കയറ്റുന്നില്ല
കോഴിക്കോട് : ശബരിമലയില്‍ കയറിയതിനാല്‍ തനിക്ക് നേരെയുള്ള അവഗണന കൂടുന്നുവെന്ന് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയുടെ പരാതി. ബസുകളില്‍ തന്നെ ഇപ്പോഴും കയറ്റുന്നില്ല എന്നും അവര്‍ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഏറ്റവും ഒടുവില്‍ തന്നെ കയറ്റാത്ത ബസുകളുടെ ലിസ്റ്റിലേയ്ക്ക് കോഴിക്കോട് റൂട്ടിലോടുന്ന കൃതിക ലിമിറ്റഡ് സ്റ്റോപ്പ് ബസ് കൂടി എന്നാണ് ബിന്ദു അമ്മിണി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. .
‘പൊയിൽകാവ് ബസ് സ്റ്റോപ്പിൽ മറ്റൊരു യാത്രക്കാരി കൈ കാണിക്കുകയും ബസ് നിർത്തുകയും ചെയ്തു. ഈ സമയം ഞാൻ ബസിൽ കയറാൻ ആയിതിരിഞ്ഞപ്പോൾ എന്നെ മനസ്സിലായ ഡ്രൈവർ പെട്ടെന്ന് ബസ് മുന്നോട്ടെടുത്തു പോവുകയാണ് ഉണ്ടായത്. എന്റെ ഒപ്പം ഉണ്ടായിരുന്ന പോലീസുകാരിൽ ഒരാളെ അറിയുന്ന ഡ്രൈവർ ആയിരുന്നു. അവർ അത് പറയുകയും ചെയ്തു. അവരെ കണ്ടിട്ട് കൂടി ആയിരിക്കാം ബസ് നിർത്തിയത്. അപ്പോൾ ഞാൻ അവരോടു പറഞ്ഞു നിങ്ങളെ അറിയുന്നതിനെക്കാൾ കൂടുതൽ ആണ് അവർക്കു എന്നോട് ഉള്ള ശത്രുത. പിന്നെ ഇങ്ങനെ ഉള്ള അനീതിക്കെതിരെ ഞാൻ കോടതിയിലേക്ക് പോകണം എന്ന് പറയുന്നവരോട്, അങ്ങനെ എങ്കിൽ എല്ലാ ദിവസങ്ങളിലും എന്റെ കേസിനായി കോടതിയിൽ പോകേണ്ടതായി വന്നേക്കാം. അതിന് അനുകൂലമായ സാഹചര്യങ്ങളിലൂടെ അല്ല ഞാൻ കടന്നു പോകുന്നത്.‘ ഇത്തരത്തിലാണ് ബിന്ദു അമ്മിണി പറയുന്നത്.