കെട്ടിടം പണിക്കിടെ രണ്ട് പെട്ടികൾ കിട്ടി… തുറന്നപ്പോൾ ഞെട്ടിപോയി….
വീടിന്റെ പുനർനിർമ്മാണ ജോലികൾ നടക്കുന്നതിനിടയിൽ ആ കെട്ടിടം പണിക്കാരന് രണ്ട് പെട്ടികൾ കിട്ടി. വീടിനുള്ളിലെ ടോയ്ലറ്റിന്റെ ജോലികൾ ചെയ്യുന്നതിനിടയിലാണ് രണ്ട് പെട്ടികൾ അയാള്‍ക്ക് ലഭിച്ചത്. പെട്ടികളിൽ ഒന്ന് തുറന്ന് നോക്കിയ അയാൾ ഞെട്ടി നിറയെ നോട്ടുകെട്ടുകൾ. ആദ്യം ഒന്ന് അമ്പരന്നെങ്കിലും അയാൾ ഉടൻ തന്നെ വീട്ടുടമസ്ഥനെ വിവരമറിയിച്ചു. പിന്നീട് ഇരുവരും ചേർന്ന് ആ കാർബോർഡ് പെട്ടികൾ തുറന്ന് നോക്കി. ഇരുവർക്കും തങ്ങളുടെ കണ്ണുകളെ വിശ്വസിക്കാനായില്ല എന്ന് വേണം പറയാൻ. കാരണം ഇരു പെട്ടികളിലുമായി സൂക്ഷിച്ചിരുന്നത് കോടിക്കണക്കിന് രൂപയായിരുന്നു.
അമേരിക്കയിൽ നിന്നുള്ള കെട്ടിടം പണിക്കാരനായ ബോബ് കിറ്റ്സ് ആണ് ഇത്തരത്തിൽ അത്യപൂർവ്വമായ ഒരു ധന ശേഖരം കണ്ടെത്തിയത്. അമൻഡ റീസ് എന്ന വ്യക്തിയുടെ വീടിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കിടയിലാണ് പണം കണ്ടെത്തിയത്. ഇരുവരും ചേർന്ന് പെട്ടികൾ തുറന്നപ്പോൾ അതിനുള്ളിൽ നിന്നും ഒരു അഡ്രസ് രേഖപ്പെടുത്തിയ കവറും അവർക്ക് ലഭിച്ചു. അതില്‍ പി. ഡൺ ന്യൂസ് ഏജൻസിയുടെ വിലാസമായിരുന്നു രേഖപ്പെടുത്തിയിരുന്നത്. പെട്ടികളിൽ ഒന്നിൽ 1.24 കോടി രൂപയും രണ്ടാമത്തതിൽ 26 ലക്ഷം രൂപയും ആയിരുന്നു ഉണ്ടായിരുന്നത്. ഏതായാലും ഇരുവരും ചേർന്ന് പണം വീതിച്ചെടുക്കാൻ തീരുമാനിച്ചു.
തന്റെ വീട്ടിൽ നിന്ന് കിട്ടിയ പണമായത് കൊണ്ട് കിട്ടിയ പണത്തിന്റെ 10 ശതമാനം ബോബ് കിറ്റ്സിന് നൽകാമെന്നായിരുന്നു അമൻഡയുടെ തീരുമാനം. എന്നാൽ, പണത്തിന്റെ 40 ശതമാനം വേണമെന്ന് കിറ്റ്സ് ആവശ്യപ്പെട്ടു. അതോടെ ഇരുവരും തമ്മിൽ വാക്കുതർക്കമായി. അതോടെ സംഗതി നാടുമുഴുവൻ പാട്ടായി. പിന്നാലെ പണത്തിനുള്ളിൽ നിന്ന് കിട്ടിയ കവറിൽ തങ്ങളുടെ അഡ്രസാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് പി. ഡൺ ന്യൂസ് ഏജൻസിയുടെ അനന്തരാവകാശികളും അറിഞ്ഞു. പണത്തിന് അവകാശവാദം ഉന്നയിച്ച് പി. ഡണിന്റെ ഇരുപത്തിയൊന്ന് അവകാശികളും രംഗത്തെത്തി. അതോടെ കേസ് കോടതിയിലെത്തി.
കോടതി പണം നിലവിൽ കൈവശം വെച്ചിരിക്കുന്ന അമൻഡയെ വിചാരണക്കായി വിളിച്ചു. വിചാരണാ വേളയിൽ അമൻഡ, 11 ലക്ഷം രൂപ താൻ അമ്മയ്ക്കൊപ്പം വിനോദയാത്ര പോകാൻ ചെലവഴിച്ചുവെന്നും 47 ലക്ഷത്തോളം രൂപ തന്റെ കയ്യിൽ നിന്നും കളവ് പോയെന്നും അറിയിച്ചു. പണം മോഷ്ടിക്കപ്പെടതിനെ കുറിച്ച് പൊലീസില്‍ പരാതിപ്പെട്ടിട്ടില്ലെന്നും എന്നാല്‍ ഈ പണം മോഷ്ടിച്ചത് കിറ്റ്സ് ആണെന്നും അവര്‍ കോടതിയിൽ ആരോപിച്ചു. ശേഷിക്കുന്ന 20 ലക്ഷം രൂപയിൽ തനിക്ക് അവകാശം വേണ്ടെന്നും ഇവര്‍ കോടതിയെ അറിയിച്ചു. പണം മോഷ്ടിച്ചത് ആരാണെന്നതിനെ കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ നടന്നി. പകരം അവശേഷിക്കുന്ന പണത്തിന് 13.7 ശതമാനം ബോബ് കിറ്റ്സിനും ബാക്കിയുള്ള പണം പി. ഡണിന്റെ 21 അനന്തരാവകാശികൾക്കുമായി വീതിച്ച് നൽകാനും കോടതി ഉത്തരവിട്ടു. ഡണ്ണിന്റെ പേരിൽ പണപ്പെട്ടിക്കുള്ളിൽ വിലാസം രേഖപ്പെടുത്തിയിരുന്നതിനാൽ പണം അവകാശികളുടേതാണെന്ന് കുയാഹോഗ കൗണ്ടി പ്രൊബേറ്റ് മജിസ്ട്രേറ്റ് ചാൾസ് ബ്രൗൺ പറഞ്ഞു.