ദേവപ്രശ്നത്തില്‍ ഭഗവതിയുടെ വിഗ്രഹം ജലാശയത്തില്‍… പരിശോധിച്ചപ്പോൾ….
പാലാ: വെള്ളിലാപ്പിള്ളി പുത്തന്‍കാവ് ഭഗവതിക്ഷേത്രത്തിലെ ആയിരം വര്‍ഷം പഴക്കമുള്ള ഭഗവതിയുടെ വിഗ്രഹം ക്ഷേത്രത്തിലെ മണിക്കിണറില്‍ നിന്ന് കണ്ടെടുത്തു. ദേവപ്രശ്നത്തില്‍ ഭഗവതിയുടെ വിഗ്രഹം ജലാശയത്തില്‍ ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള രാമപുരം, വെള്ളിലാപ്പിള്ളി പുത്തന്‍കാവ് ഭഗവതിക്ഷേത്രം നൂറ്റാണ്ടുകളായി നശിച്ച് കിടക്കുകയായിരുന്നു. ക്ഷേത്രോപദേശക സമിതിയുടെ നേതൃത്വത്തില്‍ ഇവിടെ മൂന്ന് ദിവസം നീണ്ടുനിന്ന അഷ്ടമംഗല ദേവപ്രശ്നം നടത്തി.
പ്രമുഖ ജ്യോതിഷ പണ്ഡിതന് കോഴിക്കോട് വിജയരാഘവ പണിക്കരായിരുന്നു പ്രധാന ജ്യോതിഷന്. രാശിപ്രകാരം ക്ഷേത്രത്തിന് 3000 വര്ഷത്തിനുമേല് പഴക്കമുണ്ടെന്നും ദേവപ്രശ്നവിധിയില്‍ തെളിഞ്ഞു. രാജാവിന്റെ കാലശേഷം ക്ഷേത്രം നാശോന്മുഖമാകുകയും ആരോ അന്നത്തെ വിഗ്രഹമെടുത്ത് ക്ഷേത്രത്തിന് ചുറ്റുവട്ടത്തുള്ള ജലാശയത്തില്‍ തള്ളിയെന്നുമായിരുന്നു പ്രശ്നചിന്തയില്‍ തെളിഞ്ഞത്.
മൂന്ന് മാസത്തിനുള്ളില്‍ ഈ വിഗ്രഹം കണ്ടെടുക്കാനാകുമെന്നും ദൈവജ്ഞന് പറഞ്ഞു. പിന്നീട് ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് രാമപുരം പി.എസ്. ഷാജികുമാര്‍, സെക്രട്ടറി ബിജു പറോട്ടിയേല്‍ എന്നിവരുടെ നേതൃത്വത്തില്‍ ഭക്തര്‍ ക്ഷേത്രവളപ്പില്‍ പരിശോധിച്ചപ്പോഴാണ് ശോച്യാവസ്ഥയിലുള്ള മണിക്കിണര്‍ കണ്ടെത്തിയത്.
ഏഴാച്ചേരി സ്വദേശിയായ തൊഴിലാളി സുബ്രഹ്മണ്യനും സുഹൃത്തുക്കളും കിണര്‍ വറ്റിച്ചതോടെ ചേറില്‍ പുതഞ്ഞുകിടന്ന വിഗ്രഹം കണ്ടെത്തി. കരിങ്കല്‍ പീഠത്തില്‍ ഉറപ്പിച്ചിരുന്ന വിഗ്രഹം പക്ഷേ മൂന്ന് കഷണമായി മുറിഞ്ഞ് പോയിരുന്നു. വിഗ്രഹം തിരികെ കിട്ടിയതറിഞ്ഞ് നിരവധി ഭക്തരുമെത്തി.