അയൽവാസികൾ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ
കോഴിക്കോട്: അയൽവാസികളെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റ്യാടി വണ്ണാത്തിപ്പൊയിലാണ് സംഭവം. കായക്കൊടി സ്വദേശി ബാബു (50), അയൽവാസി രാജീവൻ എന്നിവരാണു മരിച്ചത്. ഇന്നു രാവിലെയാണു ബാബുവിനെ വീട്ടിൽ കഴുത്തറുത്ത് മരിച്ച നിലയിലാണ് കണ്ടെത്തിയത്. തൊട്ടുപിന്നാലെ രാജീവനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. സംഭവസമയത്ത് ബാബുവിന്റെ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ഭാര്യ വി.ബിജിന അങ്കണവാടിയിൽനിന്നു മടങ്ങി വന്നപ്പോഴാണു ബാബുവിനെ മരിച്ച നിലയിൽ കണ്ടത്. രണ്ടുമരണങ്ങളിലും ദുരൂഹതയുണ്ടെന്നു തൊട്ടിൽപ്പാലം പൊലീസ് അറിയിച്ചു. പൊലീസ് അന്വേഷണം തുടങ്ങി. അയൽവാസികളുടെയും ബന്ധുക്കളുടെയും മൊഴിയെടുത്തു.