ഗ്രീഷ്മ ഷാരോണിനെ വിളിച്ചുവരുത്തിയത് ലൈംഗികബന്ധത്തിനായി

തിരുവനന്തപുരം: പാറശ്ശാല സ്വദേശിയായ ഷാരോണ്‍ കൊലചെയ്യപ്പെട്ട കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. ഒന്നാംപ്രതി ഗ്രീഷ്മ, രണ്ടാംപ്രതിയും ഗ്രീഷ്മയുടെ അമ്മയുമായ സിന്ധു, മൂന്നാംപ്രതി ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മ്മല്‍ കുമാര്‍ എന്നിവര്‍ക്കെതിരായി നെയ്യാറ്റിന്‍കര കോടതിയിലാണ് ക്രൈംബ്രാഞ്ച് സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. 142 സാക്ഷിമൊഴികളും ശാസ്ത്രീയ തെളിവുകളും ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

ഒന്നാംപ്രതിയായ ഗ്രീഷ്മ, ലൈംഗികബന്ധത്തിനായി വീട്ടിലേക്ക് വിളിച്ചുവരുത്തിയശേഷമാണ് ഷാരോണിനെ കൊലപ്പെടുത്തിയതെന്നും ഷാരോണിനെ ജീവിതത്തില്‍ നിന്ന് ഒഴിവാക്കാനായി ഗ്രീഷ്മ ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്നും കുറ്റപത്രത്തില്‍ പറയുന്നു. ജ്യൂസ് ചലഞ്ച് പരാജയപ്പെട്ടതോടെ കഷായത്തില്‍ കളനാശിനി കലര്‍ത്തി കൊലപ്പെടുത്തുകയായിരുന്നു എന്നും കുറ്റപത്രത്തില്‍ പറയുന്നു.

ഷാരോണുമായി പ്രണയത്തിലായിരുന്ന ഗ്രീഷ്മയ്ക്ക് ഉയര്‍ന്ന സാമ്പത്തികനിലയുള്ള സൈനികന്റെ വിവാഹാലോചന വന്നതോടെ, ഷാരോണുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി പല കള്ളങ്ങള്‍ പറഞ്ഞിട്ടും ഷാരോണ്‍ ബന്ധത്തില്‍ നിന്ന് പിന്മാറാൻ തയ്യാറായില്ല. തുടർന്ന്, ഷാരോണിനെ കൊലപ്പെടുത്താന്‍ ഗ്രീഷ്മ തീരുമാനിക്കുകയായിരുന്നു എന്നും കുറ്റപത്രത്തില്‍ പറയുന്നു.

സംഭവം നടന്ന ദിവസം ഷാരോണുമായി സെക്‌സ് ചാറ്റ് ചെയ്തതിന് ശേഷം ലൈംഗികബന്ധത്തിനായാണ് ഷാരോണിനെ ഗ്രീഷ്മ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. ഇതുമായി ബന്ധപ്പെട്ട വാട്‌സാപ്പ് ചാറ്റിന്റെ തെളിവുകളും അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഷാരോണ്‍ വീട്ടിലേക്ക് വരുന്നതിന് മുന്‍പ് കഷായത്തില്‍ കളനാശിനി കലര്‍ത്തിവെച്ച ഗ്രീഷ്മ, പിന്നീട് ഒരുഗ്ലാസ് കഷായം യുവാവിനെക്കൊണ്ട് കുടിപ്പിക്കുകയായിരുന്നു. തുടർന്ന്, ഛര്‍ദിച്ച് അവശനായാണ് ഷാരോണ്‍ പുറത്തുകാത്തിരുന്ന സുഹൃത്തിന്റെ അടുത്തെത്തിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു.

ഗ്രീഷ്മ നൽകിയ കഷായം കുടിച്ച് അവശനായി ചികിത്സയിലിരിക്കെ ഒക്ടോബര്‍ 25നാണ് ഷാരോണ്‍ മരിച്ചത്. ഇതിനുപിന്നാലെ ഷാരോണിന്റെ കുടുംബം ഗ്രീഷ്മയ്‌ക്കെതിരേ പരാതിയുമായി രംഗത്ത് വരികയായിരുന്നു. തുടര്‍ന്ന് കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ച് ഗ്രീഷ്മയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു. ഇതോടെയാണ് ഷാരോണിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്.

Related Articles

Back to top button