ബസിനുള്ളിൽ പെൺകുട്ടിയുടെ മുന്നിൽ സ്വയംഭോഗം
ബസിനുള്ളിൽ പെൺകുട്ടിയുടെ മുന്നിൽവെച്ച് യുവാവ് സ്വയംഭോഗം ചെയ്തു. യുവാവിനെ യാത്രക്കാർ പിടികൂടി. ബസിൽ പെൺകുട്ടിയുടെ മുന്നിൽ ഒരാൾ സ്വയംഭോഗം ചെയ്തെന്ന് ദില്ലി ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ഡിടിസി) ഉദ്യോഗസ്ഥൻ സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്ത് ആരോപിച്ചു. എന്നാൽ പരാതി ലഭിക്കാത്തതിനാൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. രോഹിണി ഏരിയയിലാണ് സംഭവം.
ഡിടിസി ബസിൽ യാത്ര ചെയ്യവേ യുവാവ് പെൺകുട്ടിയുടെ മുന്നിൽ സ്വയംഭോഗം ചെയ്തു. എന്നാൽ, പെൺകുട്ടി ശബ്ദുമയർത്തിയതിനെ തുടർന്ന് ബസ് ജീവനക്കാരന്റെ നേതൃത്വത്തിൽ യുവാവിനെ പിടികൂടി. പിടിയിലായെന്ന് വ്യക്തമായതോടെ രക്ഷപ്പെടാനായി പ്രതി കരഞ്ഞുകാലുപിടിക്കുന്ന ദൃശ്യങ്ങളും ഇയാൾ പോസ്റ്റ് ചെയ്തു. ബിഹാർ സ്വദേശിയായ പ്രതിയെ പൊലീസിന് കൈമാറിയെങ്കിലും ഇതുവരെ പരാതിയൊന്നും നൽകാത്തതിനാൽ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ബുധനാഴ്ച സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് നോർത്ത് രോഹിണി പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സുമന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. മൊഴി രേഖപ്പെടുത്തുന്നതിനും പരാതി നൽകുന്നതിനുമായി പെൺകുട്ടിയെ ബന്ധപ്പെട്ടെങ്കിലും ഇവർ സമ്മതിച്ചില്ലെന്നും പൊലീസ് വ്യക്തമാക്കി.