ചാരുമൂട് കള്ളനോട്ട് കേസിൽ സിനിമ നടൻ ഉൾപ്പടെ മൂന്ന് പേർ പിടിയിൽ

മാവേലിക്കര- ചാരുമൂട് കള്ളനോട്ട് കേസിൽ സിനിമ സീരിയൽ നടൻ ഉൾപ്പടെ മൂന്ന് പേർ പിടിയിൽ.

ചാരുംമൂട്ടിൽ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും സാധനങ്ങൾ വാങ്ങിയ ശേഷം 500 രൂപയുടെ കള്ളനോട്ട് നൽകിയ കേസിൽ കള്ളനോട്ട് നൽകിയ മുഖ്യപ്രതി ഉൾപ്പടെ മൂന്നു പേർകൂടിയാണ് പിടിയിലായിരിക്കുന്നത്.

 തിരുവനന്തപുരം നേമം കാരക്കമണ്ഡപം സ്വഹിദ് വീട്ടിൽ ആറ്റിങ്ങൽ ശ്യാം എന്ന് വിളിക്കുന്ന ഷംനാദ്, ചാരുംമൂട് ചുനക്കര വേളൂർ വീട്ടിൽ രഞ്ജിത്ത്, കൊട്ടാരക്കര വാളകം പണക്കാട് വീട്ടിൽ ശ്യാം എന്നിവരാണ് നൂറനാട് പോലീസ് പിടികൂടിയത്.

കേസിൽ ഈസ്റ്റ് കല്ലട മുൻ പഞ്ചായത്ത് പ്രസിഡൻ്റ് കൊടുവിളമുറിയിൽ ക്ലീറ്റസ്, താമരക്കുളം അക്ഷയ് നിവാസിൽ ലേഖ എന്നിവരാണ് ആദ്യം അറസ്റ്റിലായത്. നൂറനാട് സി.ഐ പി.ശ്രീജിത്തിൻ്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ശ്യാം എന്ന ഷംനദിന്റെ വീട്ടിൽ നടത്തിയ തിരച്ചിലിൽ നോട്ട് പ്രിന്റ് ചെയ്യാൻ ഉപയോഗിച്ച പ്രിന്റ്റും പേപ്പറും 25000 രൂപയുടെ വ്യാജ നോട്ടും കണ്ടെടുത്തു.

തുടർന്ന് പോലീസ് നടത്തിയ തിരച്ചിലിൽ ഷംനദിനെ പിടികൂടുകയായിരുന്നു.

 ഇയാൾ സഞ്ചരിച്ചിരുന്ന കാറിൽ നിന്നും 4 ലക്ഷത്തോളം വ്യാജ കറൻസിയും കണ്ടെടുത്തു. ഇയാൾക്ക് സഹായം ചെയ്തിരുന്ന ആളാണ് ശ്യാം എന്ന് പോലീസ് പറഞ്ഞു. 2000, 500, 200 രൂപയുടെ വ്യാജ നോട്ടാണ് ഷംനാദ് നിർമ്മിച്ചിരുന്നത്. ഒട്ടനവധി സിനിമകളിലും സീരിയലുകളിലും ഷംനാദ് അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകൾ കേന്ദ്രീകരിച്ചാണ് ഇവർ പണം ചിലവഴിച്ചിരുന്നത്. ചാരുംമൂട് മേഖലയിൽ തന്നെ 500 ൻ്റെ ലക്ഷക്കണക്കിന് രൂപയുടെ കള്ളനോട്ടുകൾ സംഘം മാറിയെടുത്തതായി പ്രതികൾ സമ്മതിച്ചിട്ടുണ്ട്.

 കല്യാണ വീടുകളും കള്ളനോട്ടുകൾ മാറിയെടുക്കാൻ സംഘം ശ്രമം നടത്തിയിട്ടുള്ളതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ചാരുംമൂടിലെ സൂപ്പർ മാർക്കറ്റിൽ സാധനം വാങ്ങാനെത്തിയ സ്ത്രീ നൽകിയത് 500 രൂപയുടെ കറൻസി നോട്ടായിരുന്നു. നോട്ട് വാങ്ങിയ ജീവനക്കാരന് അപ്പോൾ തന്നെ സംശയം തോന്നി. ഈ സംശയമാണ് കള്ളനോട്ട് കേസ് പുറത്ത് കൊണ്ടു വരാൻ സഹായിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്യ്തു.

Related Articles

Back to top button