സമൂസ ഉണ്ടാക്കാനും കഴിക്കാനും പാടില്ല….
സമൂസ ഇഷ്ടപ്പെടാത്തവർ കുറവായിരിക്കും. ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാൻ, നേപ്പാൾ എന്നിവിടങ്ങളിലെ ആളുകൾക്ക് ചായയ്ക്കൊപ്പം കഴിക്കാൻ ഏറെ താല്പര്യമുള്ള ഒരു വിഭവമാണ് സമൂസ. പല ഇന്ത്യൻ പലഹാരങ്ങളും വിദേശരാജ്യങ്ങളിലും ഇടം പിടിച്ചിട്ടുണ്ട്. അത്തരത്തിൽ സ്ഥാനം പിടിച്ച ചുരുക്കം ചില ഇന്ത്യൻ പലഹാരങ്ങളിൽ ഒന്നാണ് സമൂസ.
എന്നാൽ, സമൂസയെ കർശനമായി നിരോധിച്ചിരിക്കുന്ന ഒരു സ്ഥലം ഉണ്ട്. ഇവിടെ സമൂസ ഉണ്ടാക്കുന്നതോ വിൽക്കുന്നതോ വാങ്ങുന്നതോ കഴിക്കുന്നതോ ഒക്കെ കുറ്റകരമാണ്. ആഫ്രിക്കൻ രാജ്യമായ സൊമാലിയയിലാണ് സമൂസയോട് ഇത്രമാത്രം വിരോധം. ഇവിടെ സമൂസ ഉണ്ടാക്കുന്നതും കഴിക്കുന്നതും ഒക്കെ നിയമം മൂലം നിരോധിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ ആരെങ്കിലും ഇതിനു തുനിഞ്ഞാൽ അത് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യവും ആണ്.
സൊമാലിയയിലെ തീവ്ര ഇസ്ലാം തീവ്രവാദികൾ ജനപ്രിയ ലഘുഭക്ഷണങ്ങൾ പാശ്ചാത്യമാണെന്ന് വിധിച്ചതിന് ശേഷമാണ് ഇവിടെ സമൂസ നിരോധിച്ചത്. സോമാലിയൻ ആഭ്യന്തരയുദ്ധത്തിൽ സജീവമായി ഇടപെടുന്ന ഒരു ഇസ്ലാമിക മതമൗലികവാദ ഗ്രൂപ്പാണ് അൽ-ഷബാബ്. സൊമാലിയയിലെ അൽ ഖ്വയ്ദയുമായി ബന്ധമുള്ള ഈ സംഘം രാജ്യത്തിന്റെ ഭൂരിഭാഗവും നിയന്ത്രിക്കുകയും 2011 -ൽ സമൂസ നിരോധിക്കുകയും ചെയ്തു.
നിരോധനത്തെ കുറിച്ച് തീവ്രവാദ സംഘടന ഔദ്യോഗികമായി വിശദീകരണം നൽകിയില്ലെങ്കിലും ക്രിസ്ത്യൻ ത്രിത്വവുമായി സാമ്യമുള്ള സമൂസയുടെ ത്രികോണാകൃതിയാണ് അവരെ അസ്വസ്ഥരാക്കിയതെന്ന് പിന്നീട് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രാദേശികമായി ഇവിടെ ഈ വിഭവം സാംബുസകൾ എന്നാണ് അറിയപ്പെടുന്നത്. ആരെങ്കിലും ഇവ ഉണ്ടാക്കുകയോ കഴിക്കുകയോ ചെയ്താൽ ഉടൻ ശിക്ഷിക്കപ്പെടും.
പത്താം നൂറ്റാണ്ടിൽ മധ്യേഷ്യയിൽ നിന്ന് വന്ന അറബ് വ്യാപാരികൾ ആണ് സമൂസയുടെ പാചകക്കുറിപ്പ് കൊണ്ടുവന്നതെന്നാണ് കരുതപ്പെടുന്നത്. പത്താം നൂറ്റാണ്ടിൽ എഴുതിയ ഗ്രന്ഥങ്ങളിൽ ഇതിനെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. സമൂസ ഈജിപ്തിൽ നിന്നാണ് ഉത്ഭവിച്ചതെന്ന് കരുതപ്പെടുന്നു. അവിടെ നിന്ന് ലിബിയയിലും പിന്നീട് മിഡിൽ ഈസ്റ്റിലും എത്തി. പതിനാറാം നൂറ്റാണ്ട് വരെ ഇറാനിൽ ഇതിനു വളരെ പ്രചാരം ഉണ്ടായിരുന്നു. പതിമൂന്നാം നൂറ്റാണ്ടിലെ മുഗൾ കൊട്ടാരത്തിലെ പ്രിയപ്പെട്ട വിഭവമായിരുന്നു ഇത് എന്നും പറയപ്പെടുന്നു.