അരിയും ഗോതമ്പും കടത്തിയ സപ്ലൈകോ ജീവനക്കാരനടക്കം നാലുപേർ പിടിയിൽ
മാവേലിക്കര : സപ്ലൈകോയുടെ തട്ടാരമ്പലം ഗോഡൗണിൽ നിന്ന് 40 ചാക്ക് കുത്തരിയും 20 ചാക്ക് ഗോതമ്പും കടത്തിയ സപ്ലൈകോ ജീവനക്കാരനും സഹായികളും അറസ്റ്റിലായി. സപ്ലൈകോയുടെ തട്ടാരമ്പലം ഗോഡൗൺ ഓഫീസർ ഇൻ ചാർജ് ചെന്നിത്തല ഓഫീസിൽ ബിൽ തയ്യാറാക്കാൻ 10ന് ഉച്ചയോടെ പോയ സമയത്താണ് സാധനങ്ങൾ മിനി ലോറിയിൽ കടത്തിയത്. ഗോഡൗൺ സീനിയർ അസിസ്റ്റന്റ് തിരുവനന്തപുരം ഉഴമലക്കൽ വില്ലേജിൽ പുതുക്കുളങ്ങര അശ്വനി വീട്ടിൽ രാജു (52), ചരക്ക് ട്രാൻസ്പോർട്ടിംഗ് കോൺട്രാക്ടർ ചെറുതന ആയാപറമ്പ് പണിക്കർ വീട്ടിൽ സന്തോഷ് വർഗീസ് (61), ഇയാളുടെ സഹായി ചെറിയനാട് കിഴക്കുംമുറിയിൽ പ്ലാന്തറയിൽ വീട്ടിൽ സുകു (54) , ലോറി ഡ്രൈവർ ഹരിപ്പാട് തുലാമ്പറമ്പ് കിഴക്ക് നക്രാത്ത് കിഴക്കതിൽ വിഖിൽ (26) എനിവരാണ് അറസ്റ്റിലായത് ഇവർ കടത്തിയ ഭക്ഷ്യധാന്യ ചാക്കുകൾ ചെങ്ങന്നൂരിലെ റേഷൻ കടകളിൽ നിന്ന് കണ്ടെടുത്തു. എസ്.ഐമാരായ നൗഷാദ് , അലി അക്ബർ, എസ്.സി.പി.ഒമാരായ ഷൈജു സി.എം, ലിമു മാത്യു, പ്രദീപ്.ജി, വിനോദ് കുമാർ.ആർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.