കോട്ടയം മെഡിക്കൽ കോളേജ് ക്യാംപസിലെ ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിൽ നിന്നും അർദ്ധരാത്രി സ്ത്രീയുടെ നിലവിളി ശബ്ദം…..
കോട്ടയം മെഡിക്കൽ കോളേജ് ക്യാംപസിലെ ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിൽ നിന്നും അർദ്ധരാത്രി സ്ത്രീയുടെ നിലവിളി ശബ്ദം ഉയരുന്നു. പ്രസവവാർഡിന് സമീപമുള്ള ആളൊഴിഞ്ഞയിടത്തായിരുന്നു പൊളിഞ്ഞുവീഴാറായ കെട്ടിടം. ആശുപത്രിയിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പേടിമൂലം പുറത്തിറങ്ങാൻ പോലും കഴിയാത്ത ദിവസങ്ങളായിരുന്നു തുടർന്നുണ്ടായത്. അധികൃതരുടെ പരാതിയേത്തുടർന്ന് പോലീസ് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സംഭവം അന്ന് ഏറെ വാർത്തകൾക്കും വിവാദങ്ങൾക്കും കാരണമായിരുന്നു.അലറിക്കരയുന്ന സ്ത്രീയുടെ ശബ്ദമായിരുന്നു ആശുപ്രത്രി ജീവനക്കാരും രോഗികളും കേട്ടത്. മെഡിക്കൽ കോളേജിലെ ഉന്നത ഉദ്യോഗസ്ഥരും സംഭവം സ്ഥിരീകരിച്ചു. അറിഞ്ഞ് കേട്ട് വന്ന പ്രാദേശിക രാഷ്ട്രീയ പ്രവർത്തകരും സമീപവാസികളും രാത്രികളിൽ ശബ്ദം കേട്ടിരുന്നു. പക്ഷേ ആരും ശബ്ദം കേട്ട ഭാഗത്തേക്ക് രാത്രിയിൽ പോകാൻ തയ്യാറായില്ല. നിരവധി മരണങ്ങൾ നടന്നിട്ടുള്ള വാർഡുകളുടെ സാമീപ്യം കൊണ്ട് പലരും ഭയന്ന് പിൻമാറുകയായിരുന്നു. ഇതോടെ ആശുപത്രി അധികൃതർ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി.മെഡിക്കൽ കോളേജിൽ രണ്ട് വർഷം മുൻപ് നടന്ന ദുരൂഹ സംഭവ പരമ്പര സിനിമയായെത്തുന്നു. ഈ സംഭവത്തിന്റെ ചുവട് പിടിച്ചാണ് ഇന്ദ്രൻസ് നായകനാകുന്ന വാമനൻ എന്ന സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രീകരണം പൂർത്തിയായ സിനിമ ഡിസംബർ 16ന് തീയേറ്ററുകളിൽ എത്തും. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിലാണ് സംവിധായകനും രചയിതാവുമായ എ.ബി.ബിനിൽ കോട്ടയം മെഡിക്കൽ കോളേജിൽ നടന്ന സംഭവങ്ങൾ വിശദീകരിച്ചത്. വാർത്ത ശ്രദ്ധയിൽപ്പെട്ടതിനേത്തുടർന്ന് താൻ നടത്തിയ അന്വേഷണമാണ് ചിത്രത്തിന്റെ രചനയിലേക്ക് നയിച്ചതെന്ന് ബിനിൽ പറഞ്ഞു.അത്യന്തം ദുരൂഹത നിറഞ്ഞ ഹൊറർ ത്രില്ലറായാണ് വാമനൻ അണിയിച്ചൊരുക്കിയിട്ടുള്ളത്. മൂവി ഗ്യാങ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ ബാബുവാണ് നിർമ്മാണം. വാമനൻ എന്ന വ്യക്തിയുടെ ജീവിതത്തിൽ ഉണ്ടാകുന്ന അസാധാരണ സംഭവങ്ങൾ ആണ് ചിത്രം പറയുന്നത്. ഹൊറർ സൈക്കോ ത്രില്ലർ ഗണത്തിൽ പെടുന്ന ഈ ചിത്രത്തിൽ സീമ ജി നായർ, ബൈജു, നിർമ്മൽ പാലാഴി, സെബാസ്റ്റ്യൻ, ദിൽഷാന ദിൽഷാദ്, അരുൺ ബാബു, ജെറി തുടങ്ങിയവർ അഭിനയിക്കുന്നു.സമ അലി സഹ നിർമ്മാതാവായ ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ രഘു വേണുഗോപാൽ, ഡോണ തോമസ്, രാജീവ് വാര്യർ, അശോകൻ കരുമത്തിൽ, ബിജുകുമാർ കവുകപറമ്പിൽ, സുമ മേനോൻ എന്നിവരാണ്. അരുൺ ശിവൻ ഛായാഗ്രഹണം നിർവഹിക്കുന്നു. സന്തോഷ് വർമ്മ, വിവേക് മുഴക്കുന്ന് എന്നിവരുടെ വരികൾക്ക് ഈണം പകരുന്നത് മിഥുൻ ജോർജ് ആണ്. എഡിറ്റർ- സൂരജ് അയ്യപ്പൻ. പ്രൊഡക്ഷൻ കൺട്രോളർ ബിനു മുരളി, ആർട്ട്- നിഥിൻ എടപ്പാൾ, മേക്കപ്പ് – അഖിൽ ടി രാജ്, കോസ്റ്റ്യും- സൂര്യ ശേഖർ. പിആർ ആന്റ് മാർക്കറ്റിങ്- കൺടന്റ് ഫാക്ടറി, എ.എസ് ദിനേശ് സോഷ്യൽ മീഡിയ മാർക്കറ്റിങ്: ഒപ്പറ. സാഗ ഇന്റർനാഷണലിന്റെ സഹകരണത്തോടെ മൂവീ ഗാങ് റിലീസ് ആണ് ചിത്രം ഡിസംബർ 16ന് തിയേറ്ററുകളിൽ എത്തിക്കുന്നത്.