ഭാര്യയുടെയും ബന്ധുക്കളുടെയും മുന്നിൽ എസ്.ഐ.. ജോലി മില്ലിൽ.. ഒടുവിൽ…
പോലീസ് സബ് ഇൻസ്‌പെക്ടറുടെ വേഷം ധരിച്ച് വാഹനപരിശോധന നടത്തി പണം കൈക്കലാക്കുന്നയാൾ പിടിയിൽ. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പോകുന്ന പാതയിൽ വാഹനപരിശോധന നടത്തുന്നതിനിടെ സംശയം തോന്നിയ ഒരു യാത്രക്കാരൻ, തന്റെ സുഹൃത്തായ എസ്.ഐയ്‌ക്ക് വിവരം നൽകിയതോടെയാണ് യുവാവിന്റെ തട്ടിപ്പ് പൊളിഞ്ഞത്.
വിരുദ്നഗർജില്ലാ തിമ്മംപട്ടി മള്ളങ്കിണർ സ്വദേശി സെൽവമാണ് (39) അറസ്റ്റിലായത്.കരുമത്തംപട്ടി സ്വദേശി ശശികുമാറാണ് പരാതി നൽകിയത്. കഴിഞ്ഞ ദിവസം വൈകീട്ട് അദ്ദേഹം ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുന്നതിനിടെ സെൽവം പോലീസ് വേഷത്തിൽ തടഞ്ഞുനിർത്തി പിഴ ആവശ്യപ്പെട്ടു. തുടർന്ന് ശശികുമാർ സുഹൃത്തായ പോലീസുകാരനെ വിവരം അറിയിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ സന്ദർശനഭാഗമായി തങ്ങളെല്ലാവരും ഡ്യൂട്ടിയിലാണെന്നും വാഹനപരിശോധന നടത്തുന്നില്ലെന്നും എസ്.ഐ അറിയിച്ചു.
പിന്നീട് രണ്ടു പോലീസുകാരെ സംഭവസ്ഥലത്ത് എത്തിച്ച് ചോദിച്ചപ്പോഴും താൻ എസ്.ഐ ആണെന്നാണ് സെൽവം വാദിച്ചത്. തുടർന്ന് സ്‌റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സ്പിന്നിങ് മില്ലിലെ ജോലിക്കാരനാണെന്ന് വെളിപ്പെടുത്തിയത്. പോലീസുകാരനാണെന്ന് പറഞ്ഞാണ് ഇയാൾ വിവാഹിതനായത്. ഭാര്യയോടും ബന്ധുക്കളോടും അയൽക്കാരനോടും പോലീസുകാരനാണെന്നായിരുന്നു പറഞ്ഞിരുന്നത്. വീട്ടിൽനിന്നും ജോലിക്ക് പോകുമ്പോൾ യൂണിഫോം ധരിച്ച് പോകുന്ന സെൽവം വഴിയിൽ വേഷംമാറിയ ശേഷമാണ് മില്ലിൽ ജോലിക്കുപോയിരുന്നത്. കോയമ്പത്തൂർ, തിരുപ്പൂർ ഭാഗങ്ങളിൽ റോഡരികിൽ വാഹനപരിശോധന നടത്തിയാണ് പണം തട്ടിയത്.