‘മാനസികമായി ബുദ്ധിമുട്ടിലാണ് അവൻ; ഞാൻ ഒരിക്കലും എന്റെ മോനെ ഇങ്ങനെ കണ്ടിട്ടില്ല’
നടിയെ ആക്രമിച്ച് കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ അമ്മ സുനിയെ ജയിലിൽ സന്ദർശിച്ചു. സുനി മാനസിക ബുദ്ധിമുട്ടിലാണെന്ന് അമ്മ മാധ്യമങ്ങളോട് പറഞ്ഞു. അമ്മയുടെ വാക്കുകൾ : ‘മാനസികമായി ബുദ്ധിമുട്ടിലാണ് അവൻ. ഭയങ്കര ക്ഷീണമാണ്. ഞാൻ ഒരിക്കലും എന്റെ മോനെ ഇങ്ങനെ കണ്ടിട്ടില്ല. കേസിനെ കുറിച്ച് ഒന്നും ചോദിക്കല്ലേ അമ്മേ. ഞാൻ പറഞ്ഞാലും ഒരു കര്യവും ഇല്ല. ഇത് തന്നെ പുറത്ത് വരട്ടെ. അധികം സംസാരിക്കരുതെന്നാണ് ഡോക്ടർ പറഞ്ഞത്. അമ്മയെ ഞാൻ ഇനി ഇടയ്‌ക്കേ വിളിക്കൂ’-കുറ്റകൃത്യം ചെയ്യേണ്ടി വന്നപ്പോൾ മുതൽ പൾസർ സുനിക്ക് പേടിയുണ്ടെന്ന് അമ്മ പറയുന്നു. ദിലീപിന്റെ പേര് പറഞ്ഞതുകൊണ്ടാണ് ഇത്രയധികം പ്രശ്‌നങ്ങളുണ്ടായതെന്ന് സുനി പറഞ്ഞതായും അമ്മ മാധ്യമങ്ങളോട് പറഞ്ഞു.അതേസമയം, പൾസർ സുനിയുടെ അമ്മയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തില്ല. ആലുവ മജിസ്‌ട്രേറ്റിന് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് മൊഴി രേഖപ്പെടുത്തുന്നത് മാറ്റിവച്ചത്.തന്റെ ജീവൻ അപകടത്തിലായിരുന്നെന്നും ഒളിവിൽ കഴിഞ്ഞിരുന്ന സമയത്ത് തനിക്കുനേരെ വധശ്രമം നടന്നതായും പൾസർ സുനി തന്നോട് പറഞ്ഞതായി അമ്മ ശോഭന പറഞ്ഞിരുന്നു. 2018 മെയ് മാസത്തിൽ അമ്മയ്‌ക്കെഴുതിയ കത്തിലാണ് സുനി ഇക്കാര്യം പറഞ്ഞത്. മകന്റെ ജീവന് ഭീഷണിയുള്ളതിനാലാണ് 2018 മെയ് മാസം എഴുതിയ കത്ത് ഇപ്പോൾ പുറത്തുവിട്ടതെന്ന് അമ്മ ശോഭന പറഞ്ഞിരുന്നു. പ്രതി ദിലീപ് പറഞ്ഞിട്ടാണ് എല്ലാം ചെയ്തതെന്ന് മകൻ പറഞ്ഞതായും അവർ വെളുപ്പെടുത്തിയിരുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സുനിയുടെ അമ്മയുടെ രഹസ്യമൊഴി രേഖപ്പെടുക്കാൻ പൊലീസ് നടപടി ആരംഭിച്ചത്.