വാഹനത്തിന് പിന്നാലെ ഓടി… കണ്ണിൽ നിന്ന് മറയുന്നത് വരെ നോക്കി നിന്നു…
രാജീവ് ഗാന്ധി വധക്കേസിൽ സുപ്രീം കോടതി മോചിപ്പിചെങ്കിലുംനളിയ്ക്കും മുരുകനും ഒരുമിച്ചുള്ള ജീവിതമില്ല. 31 വർഷത്തെ ജയിൽവാസത്തിന് ശേഷവും ഇരുവരുടെയും കാത്തിരിപ്പ് തുടരുകയാണ്. രാജീവ് ഗാന്ധി വധക്കേസിൽ തടവിലായിരുന്ന നളിനി, മുരുകൻ, റോബർട്ട് പയസ്, ശാന്തൻ, ജയകുമാർ, രവിചന്ദ്രൻ എന്നിവർ കഴിഞ്ഞ ദിവസം മോചിതരായിരുന്നു. . മോചനത്തിന്റെ മധുരത്തിലും നളിനിയ്ക്ക് പക്ഷെ വേദന മാത്രം ബാക്കി. 31 വർഷം നീണ്ട കാരാഗൃഹവാസംത്തിനു ശേഷം മോചിപ്പിക്കപ്പെട്ട നളിനിക്കും മുരുകനും ഒരുമിക്കാൻ ഇനിയും കാത്തിരിക്കണം. മോചന വേളയിൽ വെല്ലൂർ സെൻട്രൽ ജയിലിൽ എത്തി പ്രിയതമനോട് സംസാരിക്കാൻ പോലും സാധിച്ചില്ല. ശ്രീലങ്കൻ വംശജനായ മുരുകനെ തമിഴ് നാട് സർക്കാർ മാറ്റിയത് ട്രിച്ചിയിലെ ശ്രീലങ്കൻ അഭയാർത്ഥി ക്യാംപിലേക്കാണ്. അഭയാർത്ഥി ക്യാംപിലേക്കുള്ള അതീവ സുരക്ഷാ യാത്രയിൽ, ഒരിയ്ക്കൽ കൂടി നളിനി കണ്ടു, പൊലീസ് വാഹനത്തിന്റെ ഇരുമ്പഴികളിലൂടെ മുരുകന്റെ മുഖം. ഒന്നും സംസാരിക്കാൻ അനുവദിച്ചില്ല പൊലീസ്. വാഹനത്തിന് പുറത്ത് നിന്നു. പിന്നാലെ ഓടി. കണ്ണിൽ നിന്ന് മറയുന്നത് വരെ നോക്കി നിന്നു. വർഷങ്ങൾക്ക് ശേഷമെങ്കിലും ഒരുമിക്കാമെന്ന ചിന്തയ്ക്ക്, ട്രിച്ചിയിലെ അഭയാർത്ഥി ക്യാംപിലേയ്ക്കുള്ള മുരുകന്റെ യാത്ര വീണ്ടും തടസമായി. ശ്രീലങ്കൻ സ്വദേശികളായ മുരുകൻ ഉൾപ്പടെയുള്ള നാലുപേരെയും സ്വതന്ത്രരാക്കാൻ തമിഴ് നാട് സർക്കാറിന് കഴിയുമായിരുന്നില്ല. അനധികൃതമായി മറ്റൊരു രാജ്യത്ത് എത്തിയതു തന്നെയാണ് കാരണം. അതിനാലാണ് ഇവരെ ട്രിച്ചിയിലെ ക്യാംപിലേക്ക് മാറ്റിയത്. മുരുകൻ എവിടെയാണോ ഇനിയുള്ള കാലം അവിടെ ജീവിക്കണം. അതാണ് നളിനിയുടെ ഉറച്ച തീരുമാനം. ഗാന്ധി – നെഹ്റു കുടുoബങ്ങളോട് മാപ്പു ചോദിയ്ക്കുന്നു. അവരെ ആരെയും നേരിൽ കാണില്ല. മോചനത്തിനായി ഒപ്പം നിന്ന കേന്ദ്ര- സംസ്ഥാന സർക്കാറുകൾക്ക് നന്ദി. നളിനി പറഞ്ഞു നിർത്തുന്നു.സുപ്രിംകോടതി ഉത്തരവിനെതിരെ എതിർ നിയമ നടപടികൾ വേണ്ടെന്ന് നെഹ്റു കുടുംബം തീരുമാനിച്ചിരുന്നു. സോണിയാഗാന്ധി മല്ലികാർജ്ജുൻ ഖർഗെയെ ഇതുസംബന്ധിച്ച നിലപാടറിയിച്ചിരുന്നു.