കടലിൽ കിടന്ന് വിവാഹമോതിരം കിട്ടി.. തിരികെ ഏൽപ്പിച്ചപ്പോൾ…
വിവാഹമോതിരം നഷ്ടട്ടമാകുക എന്നത് എല്ലാർക്കും വിഷമം ഉള്ള ഒന്നാണ്. എന്നാൽ നഷ്ടപ്പെട്ടു എന്ന് കരുതിയത് തിരിച്ച് കിട്ടിയല്ലോ? സന്തോഷമാകില്ലേ. അതുപോലെ, കഴിഞ്ഞ ദിവസം ഒരു മെറ്റൽ ഡിറ്റക്ടറിന് ഒരു പഴയ വിവാഹമോതിരം കിട്ടി. ഉടമയെ കണ്ടുപിടിച്ച് അത് തിരികെയും ഏൽപ്പിച്ചു. എന്നാൽ ഉടമ പറഞ്ഞതോ? അത് കിട്ടിയ കടലിലേക്ക് തന്നെ തിരികെ എറിഞ്ഞേക്കൂ എന്നാണ്.
യു.കെ -യിലാണ് സംഭവം. ‘ജേഴ്സി ലോസ്റ്റ് റിങ്സ് മെറ്റൽ ഡിറ്റക്റ്റിംഗി’ന്റെ ഓപ്പറേറ്ററാണ് സ്റ്റീവ് ആൻഡ്രൂസ്. സപ്തംബർ മാസത്തിൽ ജേഴ്സിയിലെ സെന്റ് ഓബിൻസ് ബീച്ചിൽ വച്ചാണ് പ്രസ്തുത മോതിരം ആൻഡ്രൂസ് കണ്ടെത്തിയത്. എത്രയും വേഗം തന്നെ മോതിരം അതിന്റെ ഉടമയെ കണ്ടുപിടിച്ച് തിരികെ ഏൽപ്പിക്കണം എന്ന് കരുതിയ ആൻഡ്രൂസ് ഉടനെ തന്നെ ‘ജേഴ്സി ചാനൽ ഐലൻഡ്സ് ലോസ്റ്റ് ആൻഡ് ഫൗണ്ട്’ ഫേസ്ബുക്ക് ഗ്രൂപ്പിൽ മോതിരത്തിന്റെ ചിത്രം പോസ്റ്റ് ചെയ്തു.
ഇത് 1989 -ലേത് ആണ് എന്നും 33 വർഷത്തെ പഴക്കമുണ്ട് എന്നും ആൻഡ്രൂസ് ഫേസ്ബുക്കിൽ കുറിച്ചു. നൂറോളം പേർ ഉടനടി തന്നെ പോസ്റ്റ് ഷെയർ ചെയ്തു. കുറച്ച് ദിവസങ്ങൾക്ക് ശേഷം ആൻഡ്രൂസ് തന്നെ അതിന്റെ അപ്ഡേറ്റും കുറിച്ചു. അത് മോതിരത്തിന്റെ യഥാർത്ഥ ഉടമ തന്നെ കോണ്ടാക്ട് ചെയ്തിരുന്നു, എന്നാൽ, അവർക്ക് ആ മോതിരം തിരികെ വേണ്ട എന്നുമായിരുന്നു. വളരെ മോശപ്പെട്ട ഒരു വിവാഹമോചനത്തിന് ശേഷം അവൾ ആ മോതിരം കടലിലേക്ക് വലിച്ചെറിയുകയായിരുന്നുവത്രെ. വീണ്ടും അത് കടലിലേക്ക് തന്നെ വലിച്ചെറിഞ്ഞോളൂ എന്നാണ് സ്ത്രീ ആവശ്യപ്പെട്ടത്.
ഏതായാലും ഇത്തവണ സംഭവിച്ചത് ഇതാണ് എങ്കിലും നേരത്തെ പല ദമ്പതികൾക്കും ആൻഡ്രൂസ് ഇതുപോലെ നഷ്ടപ്പെട്ട മോതിരം തിരികെ കൊടുക്കുകയും അവർ അത്യധികം സന്തോഷത്തോടെ അത് സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.