ചില പൂജകൾ ചെയ്യണമെന്ന് ലൈല ആവശ്യപ്പെട്ടു… ഇല്ലെങ്കിൽ 5 മരണങ്ങൾ കൂടി നടക്കും….
പത്തനംതിട്ട : ഇലന്തൂർ ഇരട്ട നരബലി കേസിലെ പ്രതികളിലൊരാളായ ലൈല അന്ധവിശ്വാസിയായിരുന്നെന്ന് സഹോദരൻ. ഇതുമായി ബന്ധപ്പെട്ട ചില തര്‍ക്കങ്ങളോടെയാണ് താനും സഹോദരിയും തമ്മിൽ അകന്നതെന്നും സഹോദരൻ പറഞ്ഞു.
രണ്ട് വര്‍ഷം മുമ്പാണ് ലൈലയുടെ അമ്മ മരിക്കുന്നത്. അമ്മയുടെ സഞ്ചയനത്തിന് ശേഷം ലൈല സഹോദരനെ ഫോണിൽ വിളിച്ചു. അമ്മ മരിച്ചതിന് ചില ദോഷങ്ങളുണ്ട്. അതിന് ചില പരിഹാര കര്‍മ്മങ്ങൾ ചെയ്തില്ലെങ്കിൽ ഒരു അഞ്ച് മരണങ്ങൾ കൂടി സംഭവിക്കുമെന്ന് പറഞ്ഞു. വിശ്വാസമില്ലെന്നും പൂജ നടത്തേണ്ടെന്നുമാണ് സഹോദരൻ മറുപടി നൽകിയത്. എതിർത്തതോടെ ലൈല സഹോദരനോട് പിണക്കത്തിലായി. ഇതിന് ശേഷം കഴിഞ്ഞ രണ്ട് വർഷമായി സഹോദരിയുമായി ബന്ധമില്ല.
എന്നാൽ അതിന് ശേഷം ലൈലയും ഭര്‍ത്താവും മകനും ജേഷ്ഠനും ചേര്‍ന്ന് പൂജ നടത്തി. അതിന് ശേഷമാണ് തമ്മിൽ ബന്ധമില്ലാതായത്. ലൈലക്കൊപ്പം തന്നെ അന്ധവിശ്വാസിയായിരുന്നു ഭർത്താവ് ഭഗവൽ സിംഗും. എപ്പോഴും സർവാഭരണങ്ങളുമിട്ടാണ് ലൈല നടന്നിരുന്നത്. അവരുടെ വീട്ടിൽ ഒന്നും ഇത് സംബന്ധിച്ച സൂചനകൾ ഇല്ലാരുന്നു. കേസ് അന്വേഷണം നല്ല രീതിയിൽ മുന്നോട്ട് പോകണമെന്നാണ് ആവശ്യപ്പെടാനുള്ളതെന്നും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ നൽകണമെന്നും സഹോദരൻ ആവശ്യപ്പെട്ടു.