ഭഗവൽ സിംഗ് പരമ്പരാഗത തിരുമ്മല്‍ വൈദ്യന്‍.. വീട്ടില്‍ ആഭിചാര ക്രിയകളും പൂജയും…
പത്തനംതിട്ട : എറണാകുളം സ്വദേശികളായ രണ്ട് സ്ത്രീകളെ ആഭിചാര പൂജയ്ക്കായി തിരുവല്ലയിലെത്തിച്ച് നരബലി നൽകിയ കേസിലെ പ്രതി പരമ്പരാഗത തിരുമ്മൻ ചികിത്സകനും സജീവ സി.പി.എം പ്രവർത്തകനും. കാടുപിടിച്ച് കിടക്കുന്ന വീടും പരിസരവും, ഇലന്തൂരെന്ന മലയോര പ്രദേശത്തെ ഭഗവൽ സിംഗിന്റെ വീട്ടിലേക്ക് കയറിച്ചെല്ലുന്ന സ്ഥലത്ത് തന്നെ കാവുണ്ട്. ഇലന്തൂരിലെ പരമ്പരാഗത തിരുമ്മൽ വൈദ്യനും നാട്ടുകാര്‍ക്കിടയിൽ വലിയ സ്വീകാര്യനുമായിരുന്നു എന്ന് പ്രദേശവാസികൾ പറയുന്നു. പരമ്പരാഗത തിരുമ്മൽ വൈദ്യൻ വാസു വൈദ്യന്റെ മകനാണ് ഭഗവല്‍ സിംഗ്. ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്ത് പണിത് നൽകിയ കെട്ടിടത്തിലാണ് ഇയാള്‍ ചികിത്സ നടത്തിയിരുന്നത്.
തിരുമ്മൽ ചികിത്സക്ക് വേണ്ടി ആളുകൾ ഇയാളെ തേടി നിരന്തരം എത്താറുണ്ടായിരുന്നു. നാട്ടുകാര്‍ക്കിയിൽ വലിയ സ്വീകര്യനായിരുന്നു ഭഗവല്‍ സിംഗ്. എന്നും പ്രദേശവാസികള്‍ പറയുന്നു. വായനശാല കേന്ദ്രീകരിച്ചും മറ്റ് സാംസ്കാരിക കൂട്ടായ്മകളിലുമെല്ലാം സജീവമായി പങ്കെടുക്കുന്ന ഭഗവൽ സിംഗ് പ്രദേശത്തെ സജീവ സിപിഎം പ്രവര്‍ത്തകനാണ്. ആദ്യഭാര്യയില്‍ നിന്നും ഇയാള്‍ പതിനഞ്ച് വര്‍ഷം മുൻപ് വിവാഹമോചനം നേടിയിരുന്നു. ഇപ്പോള്‍ ഭഗവൽ സിംഗിന്റെ കൂടെയുള്ള ലൈല ഇലന്തൂരിൽ തന്നെ ഉള്ള സ്ത്രീയാണ്. ആദ്യ വിവാഹത്തിൽ ഒരു മകനും മകളുമുണ്ട്. രണ്ട് പേരും വിദേശത്താണ്. ഹൈക്കു കവിതകളെഴുതുന്ന ഇയാള്‍ ഫേസ്ബുക്ക് ഉള്‍പ്പടെയുള്ള സാമൂഹ്യമാധ്യമങ്ങളിലും സജീവമാണ്. കവിതാ ശിൽപശാല ഒക്കെ നടത്താറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. വീട്ടില്‍ ആഭിചാര ക്രിയകളും പൂജകളും ഒക്കെ നടത്താറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.
സെപ്തംബർ 27 ന് കടവന്ത്ര സ്വദേശിയായ സ്ത്രീയെ കാണാനില്ലെന്ന പരാതിയിൽ തുടങ്ങിയ അന്വേഷണമാണ് കേരളത്തെ ഞെട്ടിക്കുന്ന കണ്ടെത്തലുകളിൽ എത്തിച്ചത്. രണ്ട് സ്ത്രീകളെയാണ് ഭഗവല്‍ സിംഗും ഭാര്യയും കൊച്ചി പെരുമ്പാവൂര്‍ സ്വദേശിയുടെ സഹായത്തോടെ നരബലി കഴിച്ചത്. കാണാതായവരുടെ മൊബൈൽ ടവർ ലൊക്കേഷൻ തിരഞ്ഞ് പോയ പൊലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. തിരുവല്ലയിലെ ഭഗവന്ത് സിങ്-ലൈല ദമ്പതിമാര്‍ക്ക് വേണ്ടിയാണ് നരബലി നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെരുമ്പാവൂര്‍ സ്വദേശിയായ ഏജന്‍റ് അടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്.
എറണാകുളം പൊന്നുരുന്നി സ്വദേശി പത്മം, ഇടുക്കി സ്വദേശിയും കാലടിയില്‍ താമസക്കാരിയുമായ റോസ്ലി എന്നിവരെയാണ് തിരുവല്ലയില്‍ ബലിനല്‍കിയത്. ഇരുവരെയും കൊച്ചിയില്‍നിന്ന് കടത്തിക്കൊണ്ടുപോയ ശേഷം തിരുവല്ലയില്‍ എത്തിച്ച് തലയറുത്ത് കൊലപ്പെടുത്തുകയും മൃതദേഹം കഷണങ്ങളാക്കി കുഴിച്ചിടുകയുമായിരുന്നു. പെരുമ്പാവൂര്‍ സ്വദേശിയായ ഷിഹാബ്(ഷാഫി) എന്നയാളാണ് ഇവര്‍ക്കായി സ്ത്രീകളെ എത്തിച്ചുനല്‍കിയത്. ഇയാളാണ് സംഭവത്തില്‍ ഏജന്റായി പ്രവര്‍ത്തിച്ചതെന്നും മൂന്നുപേരും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നും പൊലീസ് പറയുന്നു.