ഭാര്യയില്ലാതെ ജീവിക്കാനാകില്ല.. മൃതദേഹം കിടപ്പുമുറിയിൽ സംസ്കരിച്ച് അധ്യാപകൻ…
ഭാര്യയെ മരിച്ചത് സഹിക്കാനാകാതെ സ്കൂൾ അധ്യാപകനായ ഭർത്താവ് മൃതദേഹം വീട്ടിനുള്ളിൽ സംസ്കരിച്ചു. ബന്ധുക്കളുടെയും നാട്ടുകാരുടെയും എതിർപ്പ് അവഗണിച്ചാണ് ഇയാൾ ഭാര്യയുടെ മൃതദേഹം വീട്ടിനുള്ളിൽ സംസ്കരിച്ചത്. ശവകുടീരം പൂക്കളാൽ അലങ്കരിക്കുകയും ചെയ്തു. 25 വർഷത്തെ ദാമ്പത്യത്തിന് ശേഷമാണ് ഭാര്യ മരിച്ചത്. എന്നാൽ, ഭാര്യയുമായി വേർപിരിയാനാകില്ലെന്ന് ഇയാൾ പറഞ്ഞു. മറവുചെയ്തതിന് അരികിലാണ് അദ്ദേഹം ഉറങ്ങിയത്.
ഓംകാർദാസ് മൊഗ്രെയെന്ന അധ്യാപകനാണ് ഭാര്യ രുക്മണിയുടെ ശവശരീരം വീട്ടിനുള്ളിൽ സംസ്കരിക്കുകയും ഓർമക്കായി അലങ്കരിക്കുകയും ചെയ്തത്. ഡിൻഡോറിയിലെ ബിർസമുണ്ട സ്റ്റേഡിയത്തിന് സമീപമുള്ള വീട്ടിലാണ് രുക്മണി മരിച്ചത്. സംഭവത്തെ തുടർന്ന് അയൽവാസികൾ കലക്ടറെ സമീപിച്ചു. മൃതദേഹം പുറത്തെടുത്ത് ശരിയായ രീതിയിൽ സംസ്കാരിക്കാൻ കലക്ടർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കഴിഞ്ഞ പത്ത് വർഷമായി രുക്മിണി സിക്കിൾ സെൽ അനീമിയ രോഗിയായിരുന്നു. ദമ്പതികൾക്ക് കുട്ടികളില്ലായിരുന്നു.
അന്ത്യകർമങ്ങൾക്കായി ബന്ധുക്കളെത്തിയപ്പോൾ ഭാര്യയെ വീട്ടിനുള്ളിൽ അടക്കം ചെയ്യാൻ സഹായിക്കണമെന്ന് മോഗ്രെ ആവശ്യപ്പെട്ടു. എന്നാൽ, ബന്ധുക്കൾ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഭാര്യയില്ലാതെ ജീവിക്കാനാകില്ലെന്ന് ഇയാൾ വാശിപിടിച്ചതോടെ ബന്ധുക്കൾ പിന്മാറി. എന്നാൽ ചിലരുടെ സഹായത്തോടെ മുറിയിൽ കുഴിയെടുത്ത് സംസ്കരിച്ചു. പൊലീസ് ഇടപെട്ടില്ലെന്നും ആരോപണമുയർന്നു. തുടർന്നാണ് നാട്ടുകാർ കലക്ടറെ സമീപിച്ചത്.
ഉദ്യോഗസ്ഥർ വീട്ടിലെത്തിയപ്പോൾ മനുഷ്യരെയും ആത്മാക്കളെയും തുല്യമായി കാണുന്നുവെന്നും മൃതദേഹം എടുത്തുമാറ്റരുതെന്നും മൊഗ്രെ ആവശ്യപ്പെട്ടു. എന്നാൽ, മുതിർന്ന ഉദ്യോഗസ്ഥർ അനുനയിപ്പിച്ചതോടെ മൃതദേഹം പുറത്തെടുക്കാൻ അദ്ദേഹം വഴങ്ങി. ഭാര്യയുടെ മരണത്തിൽ മൊഗ്രെ മാനസികമായി തകർന്നുവെന്നും അവസാന ശ്വാസം വരെ അവളുടെ മൃതദേഹം വീട്ടിനുള്ളിൽ തന്നെ വേണമെന്നത് അയാളുടെ ആഗ്രഹമായിരുന്നെന്നും ബന്ധു ജയ്പാൽ ദാസ് പരാസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.