ഓൺലൈനിൽ മൊബൈൽ ഫോൺ ബുക്കുചെയ്തു…വീട്ടമ്മയ്ക്ക് ലഭിച്ചത്….
നെടുങ്കണ്ടം: ഓൺലൈനിൽ മൊബൈൽ ഫോൺ ബുക്കുചെയ്ത യുവതിയ്ക്ക് ലഭിച്ചത് കാലാവധി കഴിഞ്ഞ മൂന്നു ടിൻ പൗഡർ. മുണ്ടിയെരുമ സ്വദേശിനി അഞ്ജന കൃഷ്ണനാണ് തട്ടിപ്പിനിരയായത്. യുവതിയുടെ പരാതിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ, തട്ടിപ്പിനു പിന്നിൽ കൊറിയർ കമ്പനിയുടെ ഡെലിവറി ബോയിയെന്ന് കണ്ടെത്തി. തുടർന്ന് കൊറിയർ കമ്പനിക്ക് ഫോണുകളുടെ വില നൽകി ഡെലിവറി ബോയി കേസിൽ നിന്ന് തടിതപ്പുകയായിരുന്നു.
ഓൺലൈനിൽ കാഷ് ഓൺ ഡെലിവറിയായി 16,999 രൂപയുടെ ഫോൺ ബുക്കുചെയ്ത അഞ്ജനയ്ക്ക് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് മൂന്നു ടിൻ പൗഡർ ലഭിച്ചത്. ഒരാഴ്ചമുമ്പ്, ഫോൺ എത്തിയതായി ഡെലിവറി ബോയി വിളിച്ച് അറിയിച്ചതിനെ തുടർന്ന് അഞ്ജനയുടെ ഭർത്താവ് പാഴ്‌സൽ കൈപ്പറ്റി ചാർജുകളടക്കം 17,028 രൂപ കൈമാറുകയായിരുന്നു. വീട്ടിലെത്തി കവർ തുറന്നപ്പോഴാണ് തട്ടിപ്പ് മനസിലായത്. തുടർന്ന് ഇവർ നെടുങ്കണ്ടം പോലീസിലും ഉപഭോക്തൃകോടതിയിലും ഓൺലൈൻ വ്യാപാരസൈറ്റിലും പരാതി നൽകി. പോലീസ് നടത്തിയ അന്വേഷണത്തിൽ, സംഭവത്തിനു പിന്നിൽ ഡെലിവറി ബോയി ആണെന്ന് കണ്ടെത്തുകയായിരുന്നു. ചോദ്യം ചെയ്യലിൽ സന്ന്യാസിയോട സ്വദേശികളെയും ഇത്തരത്തിൽ പറ്റിച്ചിട്ടുണ്ടെന്ന് ഡെലിവറി ബോയി സമ്മതിച്ചു. തുടർന്ന്, പോലീസിന്റെ മധ്യസ്ഥതയിൽ നടത്തിയ ചർച്ചയിൽ മോഷ്ടിച്ച ഫോണുകളുടെ തുകയായ 41,000 രൂപ ഡെലിവറി ബോയി കൊറിയർ കമ്പനിയുടെ അക്കൗണ്ടിലേക്ക് കൈമാറി.
എന്നാൽ, തങ്ങൾ നൽകിയ പരാതി പിൻവലിച്ചിട്ടില്ലെന്നും, മോഷണം നടത്തിയ ഡെലിവറി ബോയിക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നും അഞ്ജന കൃഷ്ണൻ ആവശ്യപ്പെട്ടു. പോലീസിന്റെ മധ്യസ്ഥതയിൽ ഡെലിവറി ബോയി പണം തിരികെ നൽകിയതിനെത്തുടർന്ന് സംഭവത്തിൽ പോലീസ് ഇതുവരെ കേസ് രജിസ്റ്റർചെയ്തിട്ടില്ല.