16ാം വയസിൽ കോളനിയിലെ സ്ത്രീയെ ബലാൽസംഗം ചെയ്ത കേസിൽ…. ഇപ്പോൾ അന്യസംസ്ഥാന തൊഴിലാളികളുടെ പണവും മൊബൈൽ ഫോണുകളും കവരുന്നത് ഹോബി…..

മാവേലിക്കര: അന്യസംസ്ഥാന തൊഴിലാളികളുടെ പണവും മൊബൈൽ ഫോണുകളും കവർച്ച ചെയ്ത മോഷ്ടാവ് അറസ്റ്റിൽ.

ഈരേഴ വടക്ക് രാജീവ് ഗാന്ധി കോളനിയിലെ ശ്രീജു നിവാസിൽ ജിത്തു ശ്രീകുമാർ (22) ആണ് പിടിയിലായത്. 21ന് വൈകിട്ട് തെക്കേക്കര പഞ്ചായത്ത് ഓഫീസിനു സമീപമുള്ള തടിമില്ലിലെ ജീവനക്കാരനായ അന്യസംസ്ഥാന തൊഴിലാളി സന്തോഷ് ദിഷ്വയുടെ മൊബൈൽ ഫോണും പണമടങ്ങിയ പഴ്സും മില്ലിലെ ഷെഡിൽ നിന്നും മോഷണം പോയിരുന്നു. തടിമില്ലിലെ സി.സി.റ്റി.വിയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ഇത് കേന്ദ്രീകരിച്ച് മാവേലിക്കര പോലീസ് ഇൻസ്പെക്ടർ സി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ അന്വേഷണത്തിൽ ഇന്നലെ രാത്രി ചെട്ടികുളങ്ങര കമ്പനിപ്പടി ഭാഗത്ത് വച്ച് പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു.

ഇയാൾ വിവിധ സ്ഥലങ്ങളിൽ അന്യ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങളിലും തൊഴിലിടങ്ങളിലും നടത്തിയ അ‌ഞ്ചോളം മോഷണങ്ങൾ തെളിഞ്ഞിട്ടുണ്ട്. ഇയാർ 16ാം വയസിൽ കോളനിയിലെ സ്ത്രീയെ ബലാൽസംഗം ചെയ്ത കേസിലാണ് ആദ്യമായി പിടിയിലാകുന്നത്. അതിനു ശേഷം 2019 ൽ ചെട്ടികുളങ്ങര സ്കൂളിൽ പണി ചെയ്തിരുന്ന അന്യ സംസ്ഥാന തൊഴിലാളികളുടെ പണവും മൊബൈൽ ഫോണും മോഷ്ടിച്ച കേസിൽ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ജാമ്യത്തിലിറങ്ങി ബാംഗ്ലൂരിൽ ഹോട്ടൽ പണിയും മറ്റും ചെയ്തിരുന്ന ഇയാൾ ലഹരിക്കടിമയാണ്. പണത്തിനാവശ്യം വരുമ്പോൾ നാട്ടിലെത്തി ഇത്തരം കവർച്ച നടത്തി മുങ്ങുകയാണ് പതിവ്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. എസ്.ഐമാരായ അലി അക്ബർ, ആനന്ദകുമാർ.ആർ, സി.പി.ഓമാരായ വിനോദ് കുമാർ.ആർ, ഗിരീഷ് ലാൽ.വി.വി, സുനീഷ്.കെ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Related Articles

Back to top button