ബൈക്ക് സ്റ്റാര്‍ട്ട് ആകുന്നില്ല.. സഹായം ചോദിച്ചു… പിന്നെ കയ്യാങ്കളി….
മോഷ്ടാക്കൾക്ക് അബദ്ധം സംഭവിക്കുന്നത് സാധാരണയാണ്. എന്നാൽ സംഭവിച്ച അമളിയില്‍ ചിരിയടക്കാനാവാതെ വന്നാലോ. അങ്ങനെ ഒന്നാണ് ഇവിടെ സംഭവിച്ചത്. കോയമ്പത്തൂര്‍ സൂലൂരിൽ റാവുത്തർ നെയ്ക്കാരൻകുട്ട സ്വദേശി മുരുകന്‍റെ വീടിന് മുന്നില്‍ നിന്ന് ബൈക്ക് മോഷണം പോയി. കോഴിവളർത്തുകേന്ദ്രത്തിലെ മാനേജരായ മുരുകൻ തന്‍റെ ബൈക്ക് നഷ്ടപ്പെട്ടുവെന്ന് പൊലീസ് സ്റ്റേഷനിലെത്തി പരാതിയും നല്‍കി.
കരുമത്തംപട്ടി സ്റ്റേഷനില്‍ പരാതി നല്‍കി മടങ്ങവേ കുറുമ്പപാളയം എത്തിയപ്പോഴാണ് മുരുകൻ ആ കാഴ്ച കണ്ടത്. നല്ല പരിചയം ഉള്ള ബൈക്ക് വര്‍ക്ക് ഷോപ്പിന് മുന്നില്‍. വാഹനത്തിന് സമീപം നിന്നയാള്‍ മുരുകന്‍ എത്തിയതോടെ ബൈക്ക് കേടായെന്നും വര്‍ക്ക് ഷോപ്പ് എപ്പോള്‍ തുറക്കുമെന്നും ചോദിച്ചു. എന്നാൽ അയാൾ ഒരിക്കലും വിചാരിച്ചില്ല ബൈക്കിന്റെ ഉടമയോട് തന്നെയാണ് സഹായം ചോദിക്കുന്നതെന്ന്.
ഇതോടെ പിന്നെ അവിടെ തര്‍ക്കവും കയ്യാങ്കളിയുമായി. രണ്ട് പേര്‍ പരസ്പരം വഴക്കിടുന്നത് കണ്ടതോടെ നാട്ടുകാരും ഇടപെട്ടു. കാര്യങ്ങള്‍ മനസിലായതോടെ മോഷ്ടാവിനെ നാട്ടുകാര്‍ എല്ലാവരും ചേര്‍ന്ന് പിടിച്ച് കെട്ടുകയായിരുന്നു. ഇതിന് ശേഷം പൊലീസിനും കൈമാറി. തൊട്ടിപാളയം സ്വദേശി ബാലസുബ്രഹ്മണ്യം (30) ആണ് അറസ്റ്റിലായിട്ടുള്ളത്.