ഓണ്‍ലൈന്‍ റമ്മിയിലൂടെ നേടിയത് ഒരു കോടി…പക്ഷെ….
എഞ്ചിനീയറിംഗ് കോളേജില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയാണ് ഗരീബ് നവാസ്. കുറേ കാലമായി പഠനത്തിനേക്കാള്‍ ഓണ്‍ലൈന്‍ റമ്മി ആയിരുന്നു അവന്റെ തട്ടകം. കാശുണ്ടാക്കുക എന്ന ഒറ്റ ആവശ്യത്തിനു പുറത്ത് കൈവിട്ട കളി നടത്തിയ ഗരീബ് നവാസിന് ഈയിടെയാണ് ഒരു കോടി രൂപ കളിയിലൂടെ ലഭിച്ചത്.
ഈ വിവരം കൂട്ടുകാരെയാണ് അവനാദ്യം അറിയിച്ചത്.എന്നാൽ കുട്ടുകാർ ആ പണം തട്ടിയെടുക്കുവാൻ പദ്ധതികൾ മെനഞ്ഞു. തുടര്‍ന്നാണ്, അബ്ദുല്‍ കരീം എന്ന കൂട്ടുകാരന്റെ നേതൃത്വത്തില്‍ നവാസിനെ തട്ടിക്കൊണ്ടുപോയി കാശു തട്ടാനുള്ള പ്ലാനുണ്ടാക്കിയത്. മറ്റ് ആറു കൂട്ടുകാര്‍ കൂടി അബ്ദുല്‍ കരീമിെനാപ്പം ചേര്‍ന്നതോടെ കാര്യങ്ങളില്‍ തീരുമാനമായി. ഹുബ്ലിയിലെ ഗോകുല്‍ റോഡില്‍ വെച്ച് അവര്‍ നവാസിനെ തട്ടികൊണ്ടുപോയി. കാറില്‍, നഗരപ്രാന്തത്തിലുള്ള ഒരു വീട്ടിലേക്കാണ് അവനെ കൊണ്ടുപോയത്. തുടര്‍ന്ന് സംഘം നവാസിന്റെ പിതാവിനെ വിളിച്ച് ഒരു കോടി രൂപ നല്കാന് ആവശ്യപ്പെട്ടു. ഈ ആവശ്യം പിതാവ് തള്ളിയതോടെ 15 ലക്ഷം രൂപ മതിയെന്നായി സംഘം. കാശ് ഹുബ്ലിയിലെ ഒരു സ്ഥലത്ത് എത്തിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. പൊലീസില്‍ അറിയിച്ചാല്‍ മകനെ കൊന്നുകളയുമെന്നും അവര്‍ ഭീഷണി മുഴക്കി.
എന്നാല്‍, നവാസിന്റെ പിതാവ് വെറുതെയിരുന്നില്ല. അദ്ദേഹം ഹുബ്ലിയിലെ ബെന്ദിഗേരി പൊലീസ് സ്്റ്റേഷനില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പൊലീസ് മൂന്ന് സംഘങ്ങള്‍ രൂപവല്‍കരിച്ച് നവാസിനു വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചു. ഇതിനിടെ പണം ആവശ്യപ്പെട്ട് സംഘാംഗങ്ങള്‍ വീണ്ടും നവാസിന്റെ പിതാവിനെ വിളിച്ചു. ഈ ഫോണ്‍ കോള്‍ തിരഞ്ഞുപോയ പൊലീസ് ലൊക്കേഷന്‍ കണ്ടെത്തുകയും നവാസിനെ തടവില്‍ പാര്‍പ്പിച്ച വീട് കണ്ടെത്തുകയും ചെയ്തു. വൈകിയില്ല, നവാസിനെ പൊലീസ് കണ്ടെത്തി. തടവിലാക്കിയയിരുന്ന ഏഴ് പേരെയും പൊലീസ് സംഘം അറസ്റ്റ് ചെയ്യുകയും ചെയ്തു.
അബ്ദുല്‍ കരീം, മുഹമ്മദ് ആരിഫ്, ഇംറാന്‍, ഹുസൈന് സാബ്, ഇംറാന്‍ മദരാലി, തൗസിഫ് മട്ടി, മുഹമ്മദ് റസാഖ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെല്ലാം എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളാണെന്ന് പൊലീസ് അറിയിച്ചു. കര്‍ണാടകത്തിെല ഹുബ്ലിയിലാണ് ഈ സംഭവം നടന്നത്.