സൈനികനായ മകൻ അമ്മയെ തല്ലി ചതച്ചു
ഹരിപ്പാട്: സൈനികനായ മകൻ അമ്മയെ തല്ലി ചതച്ചു. ഹരിപ്പാട് മുട്ടത്ത് ആണ് സംഭവം. മദ്യപിച്ചെത്തിയ മകൻ സുബോധ് അമ്മയെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. സുബോധിനേ കരിയിലക്കുളങ്ങര പോലീസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് പുതുപ്പരിയാരത്ത് കഴിഞ്ഞദിവസം മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടലിൽ നിന്ന് കേരള സമൂഹം മാറുന്നതിനും മുമ്പാണ് വീണ്ടുമൊരു അമ്മയ്ക്ക് കൂടി ആക്രമണം നേരിടേണ്ടി വന്നിരിക്കുന്നത്.
എഴുപത് വയസ്സിനു മുകളിൽ പ്രായമുള്ള അമ്മയെ ആണ് പൈശാചികമായി മകൻ ആക്രമിച്ചത്. എടീ.. എന്ന് വിളിച്ച് ആക്രോശിച്ചുകൊണ്ട് അമ്മയെ പിടിച്ചു തള്ളുന്ന മകൻ നിലത്തുവീണ അമ്മയുടെ പുറത്തു കയറി ഇരിക്കുന്നതും ദൃശ്യത്തിലുണ്ട്. മർദ്ദനത്തിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച അമ്മയെ ആരോഗ്യവാനായ മകൻ പൊക്കിയെടുത്ത് കറക്കി താഴെ ഇടുന്നതും കാണാം. മർദ്ദനം തടയാൻ ശ്രമിക്കുകയും മകനെ എന്ന് വിളിച്ചുകൊണ്ട് മറ്റാരെയോ സഹായത്തിന് നിസ്സഹായതയോടെ അമ്മ വിളിക്കുന്നതും കേൾക്കാം. ഈ മർദ്ദനം അത്രയും മൊബൈൽ ക്യാമറയിൽ പകർത്തിയ വ്യക്തിപോലും അമ്മയെ ക്രൂരമായി മർദ്ദിക്കുന്നതിന് തടസ്സം പിടിക്കാൻ എത്തിയില്ല എന്നത് കേരള മനസാക്ഷിയെ ലജ്ജിപ്പിക്കുന്ന കാഴ്ചയാണ്.
നൊന്തുപെറ്റ വയറിൽ കയറി ഇരുന്ന സംഹാര താണ്ഡവമാടിയ മകന്റെ ഈ സ്വഭാവം കൊണ്ടു തന്നെയാവാം ഇയാളുടെ ആദ്യ ഭാര്യ ആത്മഹത്യ ചെയ്തിരുന്നു. രണ്ടാമത് വിവാഹം ചെയ്ത സ്ത്രീ ആണ് ഇപ്പോൾ കൂടെയുള്ളത്. സ്ഥിരം മദ്യപാനിയായ സുബോധ് ഇതിനുമുമ്പും മാതാവിനെ മർദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ദിവസമായി ഇയാൾ അമ്മയുമായി വഴക്കുണ്ടാക്കുന്നുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
ചേപ്പാട് പഞ്ചായത്ത് അഞ്ചാം വാർഡിൽ ആറാട്ട് കൊട്ടാരത്തിന് സമീപം ആലക്കൂട്ടിൽ നാരായണൻ നായരുടെ ഭാര്യ ശാരദാമ്മക്കാണ് സ്ഥിരമായി മകന്റെ പീഡനം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഓക്സിജൻ സിലിണ്ടറിന്റെ സഹായത്താൽ ജീവിക്കുന്ന കിടപ്പുരോഗിയായ നാരായണൻ നായർക്ക് വേണ്ടിയാണ് ഈ വൃദ്ധ ജീവിക്കുന്നത് തന്നെ. സംഭവത്തിൽ മൂത്ത മകനും അവിവാഹിതനുമായ സുഗുണനേയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.