സ്വകാര്യ പണമിടപാട് സ്ഥാപന ഉടമയെ പറ്റിച്ച് 45 ലക്ഷം തട്ടി.. 2 വനിത ജീവനക്കാർ… ഒരാൾ അറസ്റ്റിൽ….
പത്തനംതിട്ട: സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാർ ഉടമയെ പറ്റിച്ച് ലക്ഷങ്ങൾ തട്ടിയെടുത്തു. മാറംപുടത്തിൽ ഫൈനാൻസിയേഴ്സ് ഉടമ റോയ് മാത്യുവിനെയാണ് വ്യാജ സ്വർണ പണയ രേഖകളുണ്ടാക്കി രണ്ട് വനിത ജീവനക്കാർ കബളിപ്പിച്ചത്. ഇല്ലാത്ത സ്വർണം പണയത്തിലെടുത്തെന്ന് രേഖയുണ്ടാക്കി ജീവനക്കാരായിരുന്നവർ സ്വന്തം അക്കൗണ്ടുകളിലേക്ക് മാറ്റിയത് 45,42,386 രൂപയാണ്. റോയിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഒരാളെ ചിറ്റാർ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ആറ് വർഷമായി മാറംപുടത്തിൽ ഫൈനാൻസിയേഴ്സിൽ മാനേജറായ ജോലി ചെയ്തിരുന്ന സീതത്തോട് സ്വദേശി രമ്യ രാജനാണ് തട്ടിപ്പ് കേസിൽ അറസ്റ്റിലായത്. ഇതേ സ്ഥാപനത്തിലെ ക്ലറിക്കൽ സ്റ്റാഫും കേസിൽ രണ്ടാം പ്രതിയുമായ ടി ബി ഭുവനമോളുമായി ചേർന്നാണ് രമ്യ തട്ടിപ്പ് നടത്തിയതെന്നാണ് ഉടമ റോയ് മാത്യുവിന്റെ പരാതി. വിദേശത്ത് ജോലി ചെയ്തിരുന്ന റോയ് മാത്യും പ്രതികളായ ജീവനക്കാരെയാണ് പണമിടപാട് സ്ഥാപനത്തിന്റ പൂർണ ചുമതല ഏൽപ്പിച്ചിരുന്നത്. കൊവിഡ് കാലത്ത് റോയ് മാത്യുവിന് നാട്ടിലേക്ക് വരാൻ കഴിയാതെ വന്നതോടെയാണ് തട്ടിപ്പ് തുടങ്ങുന്നത്. സ്ഥാപനത്തിൽ സ്ഥിരമായി സ്വർണം പണയം വെയ്ക്കാൻ വന്നിരുന്നവരുടെ പേരിലാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്.
ഒന്നാം പ്രതിയുടെ ബന്ധുക്കളുടെ അടക്കം സഹായത്തോടെയാണ് പ്രതികൾ പണം തട്ടിയതെന്നാണ് പരാതിക്കാരൻ പറയുന്നത്. നാല് ബന്ധുക്കളെ കൂടി പ്രതി ചേർത്താണ് എഫ് ഐ ആർ. റോയ് മാത്യു ആദ്യം ചിറ്റാർ സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും പൊലീസ് കേസെടുത്തിരുന്നില്ല. തുടർന്ന് റാന്നി കോടതിയിൽ പരാതി നൽകിയ ശേഷമാണ് പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്.