ബാലറ്റിൽ ‘അഞ്ജലി നായർ’ എന്ന് പേര് വേണം.. ഹൈക്കോടതിയെ സമീപിച്ച് തൃപ്പൂണിത്തുറ എൻഡിഎ സ്ഥാനാർത്ഥി

തൃപ്പൂണിത്തുറ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി അഞ്ജലി പി.വി., തന്റെ പേര് ബാലറ്റിലും വോട്ടിങ് മെഷീനിലും ‘അഞ്ജലി നായർ’ എന്ന് മാറ്റണമെന്ന ആവശ്യവുമായി ഹൈക്കോടതിയിൽ ഹർജി നൽകി. നിലവിൽ ഔദ്യോഗിക രേഖകളിലും വോട്ടിങ് യന്ത്രത്തിലും ‘അഞ്ജലി പി.വി.’ എന്നാണ് പേര് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, പൊതുരംഗത്തും തന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിലും താൻ ‘അഞ്ജലി നായർ’ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഈ പേര് വോട്ടർമാർക്കിടയിൽ കൂടുതൽ സുപരിചിതമായതിനാൽ, ഔദ്യോഗികമായി ബാലറ്റിൽ ഈ പേര് വന്നില്ലെങ്കിൽ അത് വോട്ടിങ്ങിൽ ആശയക്കുഴപ്പമുണ്ടാക്കുമെന്നും തനിക്ക് ലഭിക്കേണ്ട വോട്ടുകളെ ബാധിക്കുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. നിലവിൽ സ്ഥാനാർത്ഥിപ്പട്ടികയിലും ഇവിഎമ്മിലും അഞ്ജലി പി.വി. എന്നാണ് പേര് രേഖപ്പെടുത്തിയിരിക്കുന്നത്.

തന്റെ യഥാർഥ പേരായ അഞ്ജലി പി.വി. എന്നത് വോട്ടർമാർക്കിടയിൽ പരിചിതമല്ലെന്നും ഇത് തനിക്ക് ലഭിക്കേണ്ട വോട്ടുകൾ കുറയാൻ കാരണമാകുമെന്നും അഞ്ജലി നായർ ഹർജിയിൽ വ്യക്തമാക്കി. തന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളും പോസ്റ്ററുകളും ‘അഞ്ജലി നായർ’ എന്ന പേരിലാണെന്നും ബാലറ്റിലെ പേര് മാറുന്നത് വോട്ടർമാർക്കിടയിൽ ആശയക്കുഴപ്പത്തിന് ഇടയാക്കുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.

ഹർജി പരിഗണിച്ച ഹൈക്കോടതി ഈ വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷനോട് വിശദീകരണം തേടിയിട്ടുണ്ട്. എന്നാൽ, തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഈ ഘട്ടത്തിൽ കോടതിയുടെ ഇടപെടൽ എത്രത്തോളം പ്രായോഗികമാണെന്നത് സംശയമാണ്.

തിരഞ്ഞെടുപ്പ് ചട്ടപ്രകാരം പേര് മാറ്റുന്നതിന് തടസ്സമില്ലെങ്കിലും നിലവിൽ നോമിനേഷനിലുള്ള പേരാണ് ബാലറ്റിൽ വന്നിരിക്കുന്നത്. നിലവിൽ വീടുകളിലെത്തിയുള്ള വോട്ടിങ് ആരംഭിച്ചിട്ടുണ്ട്. സർവീസ് വോട്ടുകൾ കൂടി ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തിൽ മാറ്റങ്ങൾ വരുത്തുന്നത് പ്രായോഗികമായി പ്രയാസകരമായിരിക്കും.

Related Articles

Back to top button