കാലിലെ കമ്പിയും 16 സ്ക്രൂവും, ബുദ്ധിമുട്ട് ചെറുതല്ല.. ജീപ്പ് ഡ്രൈവറോട് ദേഷ്യപ്പെടുന്ന വീഡ‍ിയോ പുറത്ത്

പര്യടന ജീപ്പിൽ കാല് വയ്ക്കാൻ സംവിധാനമില്ലാത്തതിൽ ക്ഷുഭിതനാകുന്നതിൻറെ വീ‍ഡിയോ പുറത്ത് വന്നതിന് പിന്നാലെ പ്രതികരിച്ച് അമ്പലപ്പുഴയിലെ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി ജി സുധാകരൻ. നവംബർ 23ന് തൻറെ കാൽ ഒടിഞ്ഞതാണെന്നും അതിനു ശേഷം നടന്ന ഓപ്പറേഷനിൽ കാലിൽ ഉള്ള കമ്പിയും അതിൻറെ 16 സ്ക്രൂവും തരുന്ന ബുദ്ധിമുട്ട് ചെറുതല്ലെന്ന് ജി സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. അതിനേക്കാൾ വലിയ ബുദ്ധിമുട്ട് ആണ് മാധ്യമ സുഹൃത്തുക്കൾ തനിക്ക് തന്നുകൊണ്ടിരിക്കുന്നതെന്നാണ് സുധാകരൻറെ വിമർശനം.

കുളിമുറിയിൽ വീണ് കാലൊടിഞ്ഞപ്പോൾ ഉണ്ടായ എല്ലിൻറെ പൊട്ടൽ ഇപ്പോഴും ചെറുതായി അലട്ടുന്നുണ്ട്. അങ്ങനെ ഇരിക്കെ ഇന്നലെ വാഹന പ്രചരണം ആരംഭിക്കുന്ന ഘട്ടത്തിൽ ഓപ്പൺ ജീപ്പിൽ കയറവെ കാലു തട്ടുകയും വേദന സഹിക്കാൻ പറ്റാത്തിരുന്ന വേളയിൽ ഒരു സ്റ്റെപ് കൂടി അറേഞ്ച് ചെയ്തു കൂടായിരുന്നുവോ എന്ന് ചോദിച്ചത് വളച്ചൊടിച്ചു പ്രചരിപ്പിച്ചു എന്നാണ് സുധാകരൻറെ അവകാശവാദം.

തോട്ടപ്പള്ളിയിൽ കോൺഗ്രസ് നേതാക്കളോടും ജീപ്പ് ഡ്രൈവറോടും സുധാകരൻ പരസ്യമായി പൊട്ടിത്തെറിച്ചതിൻറെ വീഡിയോ ആണ് പുറത്ത് വന്നത്. ജീപ്പിൽ പുറകിൽ നിന്ന് പര്യടനം നടത്താനായിരുന്നു കോൺഗ്രസ് നേതാക്കൾ ആദ്യം മുന്നോട്ടുവച്ച നിർദ്ദേശം. എന്നാൽ നിൽക്കാൻ വേണ്ട സൗകര്യങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയതോടെ മുൻവശത്ത് ഇരുന്ന് യാത്രചെയ്യാൻ ആവശ്യപ്പെട്ടു. അപ്പോഴാണ് കാലുവയ്ക്കാനുള്ള സൗകര്യങ്ങളില്ലെന്ന് പറഞ്ഞ് നേതാക്കളോടും ജീപ്പ് ഡ്രൈവറോടും സുധാകരൻ ക്ഷുഭിതനായത്.

Related Articles

Back to top button