ലോകകപ്പ് ഫൈനൽ…. കിരീടപ്പോരാട്ടത്തിൽ ഇന്ത്യ ഇന്ന് ന്യൂസിലാൻഡിനെതിരെ….അഹമ്മദാബാദിൽ തീപാറും….

2026 ടി20 ലോകകപ്പ് പോരാട്ടങ്ങൾക്ക് ഇന്ന് കലാശക്കൊട്ട്. കിരീടപ്പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയും ന്യൂസിലാൻഡും നേർക്കുനേർ എത്തും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുക. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഒരു ലക്ഷത്തിലധികം ആരാധകർ സാക്ഷിയാകുന്ന കലാശപ്പോരാട്ടം തീപാറുമെന്ന് ഉറപ്പാണ്. ഇന്ത്യ തങ്ങളുടെ മൂന്നാം കിരീടവും തുടർച്ചയായ രണ്ടാം കിരീടവുമാണ് ലക്ഷ്യമിടുന്നത്. 2007ലും 2024ലും കുട്ടിക്രിക്കറ്റിൽ ഇന്ത്യയായിരുന്നു ലോക ചാമ്പ്യന്മാരായത്.

ന്യൂസിലാൻഡ് 2019ന് ശേഷം ഇത് നാലാം തവണയാണ് ഐസിസി ഫൈനലിൽ എത്തുന്നത്. ഈ ടൂർണമെന്റിൽ 15ൽ 14 മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യ ഫൈനലിൽ എത്തിയത്. അതേസമയം ഇതുവരെ ഒരു ആതിഥേയ രാജ്യവും ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കിയിട്ടില്ല എന്ന ശാപം തിരുത്താനാണ് ഇന്ത്യയിറങ്ങുന്നത്. ന്യൂസിലാൻഡിന്റെ ഫിൻ അലൻ ഈ ടൂർണമെന്റിലെ ഏറ്റവും അപകടകാരിയായ ബാറ്റർമാരിൽ ഒരാളാണ്. എട്ട് മത്സരങ്ങളിൽ 289 റൺസ് നേടിയ താരം സെമിഫൈനലിൽ ദക്ഷിണാഫ്രിക്കക്കെതിരെ 33 പന്തിൽ സെഞ്ച്വറി നേടി റെക്കോർഡ് കുറിച്ചിരുന്നു.

ഇന്ത്യയ്ക്ക് ആശ്വാസമായി മലയാളി താരം സഞ്ജു സാംസൺ മികച്ച ഫോമിലാണ്. നാല് മത്സരങ്ങളിൽ 232 റൺസ് നേടിയ സഞ്ജു, സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ 42 പന്തിൽ 89 റൺസ് നേടി. ഫൈനലിലും വലിയ ഇന്നിങ്സ് പ്രതീക്ഷിക്കപ്പെടുന്നു. ബോളിങ്ങിൽ സ്റ്റാർ പേസർ ജസ്പ്രീത് ബുംറ തന്നെയാണ് ഇന്ത്യയുടെ പ്രധാന ആയുധം. ഏഴ് മത്സരങ്ങളിൽ 10 വിക്കറ്റ് നേടിയ താരം മികച്ച ഇക്കണോമിയോടെ എതിരാളികളുടെ പേടി സ്വപ്നമായിരിക്കുകയാണ്. ന്യൂസിലാൻഡിന് വേണ്ടി ഓൾറൗണ്ടർ രചിൻ രവീന്ദ്ര 11 വിക്കറ്റും നിർണായക റൺസും നേടി ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു.

അതേസമയം ഇന്ത്യയുടെ ഹാർദിക് പാണ്ഡ്യ ബാറ്റിങ്ങിലും ബോളിങ്ങിലും നിർണായക പങ്ക് വഹിക്കുന്ന താരമാണ്. എട്ട് മത്സരങ്ങളിൽ 199 റൺസും 8 വിക്കറ്റും നേടി. ഇവർക്ക് പുറമെ ഇഷാൻ കിഷൻ, വരുണ്‍ ചക്രവര്‍ത്തി, ഗ്ലെൻ ഫിലിപ്സ് എന്നിവരും ഫൈനലിൽ തിളങ്ങാൻ സാധ്യതയുള്ള താരങ്ങളാണ്.

Related Articles

Back to top button