സ്ഥാനാർത്ഥി നിർണയം.. പ്രാഥമിക ചർച്ചകൾ കഴിഞ്ഞു, വേഗത്തിൽ പട്ടിക പുറത്തിറക്കാൻ നിർദ്ദേശമുണ്ട്

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക വൈകിക്കരുതെന്ന് ഹൈക്കമാൻഡ് നിർദ്ദേശിച്ചതായും നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കുമെന്നും ഷാഫി പറമ്പിൽ. ജനവികാരം പ്രതിഫലിക്കുന്നതും വിജയസാധ്യതയുള്ളതുമായ മികച്ച പട്ടികയായിരിക്കും കോൺഗ്രസ് കാഴ്ചവെക്കുകയെന്ന് അദ്ദേഹം പാലക്കാട്ട് പറഞ്ഞു.

മധുസൂദന മിസ്ത്രിയുടെ നേതൃത്വത്തിലുള്ള സ്ക്രീനിങ് കമ്മിറ്റിയും കെപിസിസി നേതൃത്വവും തമ്മിലുള്ള പ്രാഥമിക ചർച്ചകൾ അവസാനിച്ചു. കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാകും അന്തിമ പട്ടിക തയ്യാറാക്കുക. പാലക്കാട് ബിജെപിയുടെ ‘എ ക്ലാസ്’ മണ്ഡലമാണെന്ന അവകാശവാദങ്ങളെ ഷാഫി തള്ളി. പ്രധാനമന്ത്രി നേരിട്ട് പ്രചരണത്തിന് എത്തിയിട്ടും മണ്ഡലം യുഡിഎഫിനെയാണ് തുണച്ചതെന്നും ബിജെപിയുടെ മോഹങ്ങൾ അവിടെ നടക്കില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സിറ്റിങ് എംഎൽഎമാരുടെ കാര്യത്തിലും മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണയത്തിലും വ്യക്തിപരമായ താത്പര്യങ്ങളേക്കാൾ പാർട്ടിയുടെ ഔദ്യോഗിക തീരുമാനങ്ങൾക്കായിരിക്കും മുൻഗണന.

എംപിമാർ നിയമസഭയിലേക്ക് മത്സരിക്കുമോ എന്ന കാര്യത്തിൽ ഹൈക്കമാൻഡ് എടുക്കുന്ന നയപരമായ തീരുമാനം എല്ലാവർക്കും ബാധകമായിരിക്കും. “നിലവിലെ ഭരണത്തിൽ നിന്ന് ജനങ്ങൾക്ക് മോചനം നൽകുക എന്നതാണ് പാർട്ടിയുടെ മുഖ്യ ലക്ഷ്യം. പാർട്ടി ഏൽപ്പിക്കുന്ന ഏത് ദൗത്യവും ഏറ്റെടുക്കാൻ നേതാക്കൾ സന്നദ്ധരാണ്.” – ഷാഫി പറമ്പിൽ.

Related Articles

Back to top button