നയപ്രഖ്യാപന പ്രസംഗ വിവാദം; പോരിനുറച്ച് സ്പീക്കറും, ഗവര്‍ണറുടെ കത്തിന് മറുപടി നൽകില്ല

നയപ്രഖ്യാപന പ്രസംഗ വിവാദത്തിൽ ഗവര്‍ണറുമായി പോരിനുറച്ച് സ്പീക്കറും. ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനുശേഷം മുഖ്യമന്ത്രി പ്രസംഗിച്ചതിന്‍റെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുള്ള ഗവര്‍ണറുടെ കത്തിന് മറുപടി നൽകില്ലെന്ന് സ്പീക്കര്‍ എഎൻ ഷംസീര്‍ വ്യക്തമാക്കി. സാധാരണ നിലയിൽ ഗവർണർ കത്തയക്കുമ്പോൾ സ്പീക്കർക്കാണ് ആദ്യം നൽകേണ്ടത്. എന്നാൽ, മാധ്യമങ്ങൾക്ക് നൽകിയ ശേഷമാണ് തനിക്ക് കത്ത് കിട്ടിയതെന്നും എഎൻ ഷംസീര്‍ പറഞ്ഞു. അതീവ രഹസ്യസ്വഭാവമുള്ളതെന്നാണ് കത്തിന് പുറത്ത് എഴുതിയിട്ടുള്ളത്. എന്നാൽ, അത് തനിക്ക് കിട്ടുന്നതിന് മുമ്പ് തന്നെ മാധ്യമങ്ങളിലൂടെ വാര്‍ത്ത വന്നു. കത്തിന്‍റെ പകർപ്പാണോ സ്പീക്കർക്ക് നൽകേണ്ടതെന്നും ആദ്യം ഗവർണറുടെ ഓഫീസ് അത് പരിശോധിക്കട്ടെയെന്നും സ്പീക്കര്‍ എഎൻ ഷംസീര്‍ പറഞ്ഞു.
നയപ്രഖ്യാപന പ്രസംഗ വിവാദത്തിൽ പോരിനുറച്ചാണ് ഗവർണര്‍ തൻറെ പ്രസംഗത്തിന്‍റെയും അതിനുശേഷം മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിന്‍റെയും വീഡിയോ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് സ്പീക്കർക്ക് കത്ത് നൽകി. ലോക്ഭവനാണ് കത്ത് നൽകിയത്. നയപ്രഖ്യാപന പ്രസംഗത്തിന് ശേഷം മുഖ്യമന്ത്രി പ്രസംഗിച്ചതിൽ ഗവർണ്ണർക്ക് അതൃപ്തിയുണ്ട്. ഗവർണ്ണർ ചിലഭാഗങ്ങൾ വായിക്കാതെ വിട്ടതിനെ മുഖ്യമന്ത്രി സഭയിൽ വിമർശിച്ചിരുന്നു. വാസ്തവവിരുദ്ധമായ കാര്യങ്ങളാണ് വായിക്കാതെ വിട്ടതെന്നും ഇക്കാര്യം ഒഴിവാക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയതായും ലോക്ഭവൻ നേരത്തെ വിശദീകരിച്ചിരുന്നു.



