കത്തുന്ന വെയിലത്ത് ചെരുപ്പില്ലാതെ കുരുന്നുകളുടെ കായികമത്സരം..കായികമേളയിൽ അധികൃതരുടെ വീഴ്ച

കടുത്ത വേനൽചൂടിനെ അവഗണിച്ച് പ്രീ-പ്രൈമറി വിദ്യാർത്ഥികളെ കായിക മത്സരങ്ങളിൽ പങ്കെടുപ്പിച്ച അധികൃതരുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം. ആതവനാട് പഞ്ചായത്ത് തലത്തിൽ സംഘടിപ്പിച്ച കായികമേളയിലാണ് പിഞ്ചുകുഞ്ഞുങ്ങളോട് ഈ ക്രൂരത കാട്ടിയത്.
കാട്ടിലങ്ങാടി ഗവ. എൽ.പി സ്കൂൾ മൈതാനത്ത് നടന്ന മത്സരങ്ങളിൽ, ചുട്ടുപൊള്ളുന്ന വെയിലത്ത് ചെരുപ്പ് പോലും ധരിക്കാതെയാണ് കൊച്ചു കുട്ടികൾ പങ്കെടുത്തത്. ഗ്രൗണ്ടിൽ തണലുള്ള ഭാഗങ്ങൾ ലഭ്യമായിരുന്നിട്ടും അത് പ്രയോജനപ്പെടുത്താതെ കുട്ടികളെ വെയിലത്ത് നിർത്തിയത് സംഘാടകരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥയാണെന്ന് രക്ഷിതാക്കൾ ആരോപിക്കുന്നു.
ആതവനാട് കാട്ടിലങ്ങാടി ഗവ. എൽ.പി സ്കൂൾ മൈതാനത്താണ് സംഭവം നടന്നത്. പ്രീ-പ്രൈമറി വിഭാഗത്തിലെ കൊച്ചു കുട്ടികളാണ് പങ്കെടുത്തത്. കുറ്റിപ്പുറം ബി.ആർ.സി ജീവനക്കാരും കായികാധ്യാപകനും. സ്കൂൾ പ്രഥമാധ്യാപികയുടെ സാന്നിധ്യത്തിലായിരുന്നു മത്സരങ്ങൾ.
വെയിലത്ത് മത്സരിപ്പിക്കുന്നതിൽ തെറ്റില്ലെന്ന ബി.ആർ.സി ജീവനക്കാരിയുടെ ആദ്യ പ്രതികരണം പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. എന്നാൽ പിന്നീട് ഇവർ നിലപാട് തിരുത്തി. കുട്ടികൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെന്ന് ഭയന്ന് പല രക്ഷിതാക്കളും തങ്ങളുടെ മക്കളെ മത്സരങ്ങളിൽ നിന്ന് പിൻവലിച്ചു.



