പുരയിടം വൃത്തിയാക്കുന്നതിനിടെ ഹിറ്റാച്ചി മെഷീന് തീപിടിച്ചു; 1.5 ലക്ഷം രൂപയുടെ നാശനഷ്ടം

പുരയിടം വൃത്തിയാക്കുന്നതിനിടെ ഹിറ്റാച്ചി മെഷീന് തീപിടിച്ചു. നെട്ടയം, മലമുകൾ റോഡിൽ ബി .ടി ആർ നഗറിൽ ഇന്നലെയായിരുന്നു സംഭവം. കാടുപിടിച്ച സ്ഥലം വൃത്തിയാക്കുന്ന ജോലികൾ നടന്നുവരികയായിരുന്നു.ഇതിനിടെ മിനി എസ്കവേറ്ററിൻ്റെ എൻജിൻ ഭാഗത്താണ് തീ പിടിച്ചത്. പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടവർ ഉടൻ ഫയർഫോഴ്സിന് ഫോൺ ചെയ്തു. സന്ദേശം ലഭിച്ചതിന് പിന്നാലെ തിരുവനന്തപുരം യൂണിറ്റ് സേനാംഗങ്ങൾ സംഭവ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. പെട്ടന്ന് സ്ഥലത്തെത്തി തീയണച്ചതിനാൽ വലിയ അപകടം ഒഴിവായെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഉപകരണം ഭാഗികമായി കത്തി നശിച്ചു. ഏകദേശം 1.5 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. തീപിടിക്കാനുള്ള കാരണം വ്യക്തമല്ല.




