സ്വർണക്കൊള്ളയിൽ പ്രതിഷേധിച്ച് സഭാ കവാടത്തിൽ യുഡിഎഫിന്റെ സത്യാഗ്രഹം

ഇടവേളയ്ക്ക് ശേഷം ഇന്ന് വീണ്ടും നിയമസഭാ സമ്മേളനം പുനരാരംഭിച്ച ഘട്ടത്തിൽ ശബരിമല സ്വർണക്കൊള്ള സജീവ ചർച്ചയാക്കി യുഡിഎഫ്. സ്വർണക്കൊള്ളക്കേസിൽ പ്രതിഷേധിച്ച് സഭാ കവാടത്തിൽ യുഡിഎഫ് എംഎൽഎമാർ സത്യഗ്രഹം ഇരിക്കുകയാണ്. സഭയിൽ വിഷയം ഉന്നയിച്ച പ്രതിപക്ഷ നേതാവ് വിഡി സതീശൻ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മർദ്ദം എസ്‌ഐടിയുടെ മേൽ ഉണ്ടാകുന്നുവെന്ന് ആരോപണമുയർത്തി. ഇതിനെതിരെ രണ്ട് എംഎൽഎമാർ സത്യഗ്രഹം ഇരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് പിന്നാലെസഭ തടസപ്പെടുത്താതെ യുഡിഎഫ് എംഎൽഎമാർ സത്യഗ്രഹം ഇരിക്കുകയാണ്. നജീബ് കാന്തപുരം, സിആർ മഹേഷ് എന്നീ എംഎൽഎമാരാണ് സത്യഗ്രഹമിരിക്കുന്നത്.

സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് സമരം നടത്തുന്നതെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ അറിയിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മർദ്ദം എസ്‌ഐടിയുടെ മേൽ ഉണ്ടാകരുത്. സഭാ നടപടികളുമായി സഹകരിച്ച് ഈ സമരവുമായി യുഡിഎഫ് മുന്നോട്ടുപോകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, പ്രതിപക്ഷം ഹൈക്കോടതിക്ക് എതിരെയാണ് സമരം ചെയ്യുന്നതെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. സർക്കാരിന് എതിരെയുള്ള സമരമായി ഇതിനെ കണക്കാക്കാനാകില്ലെന്നും ഹൈക്കോടതിയാണ് എസ്‌ഐടിയുടെ കാര്യങ്ങൾ നോക്കുന്നതും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതും. പ്രതിപക്ഷനേതാവ് നടത്തുന്ന സമരം നിയമസഭാ കവാടത്തിലാണെങ്കിലും യഥാർത്ഥത്തിൽ ഹൈക്കോടതിക്കെതിരെയുള്ള സമരമായാണ് കണക്കാക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Related Articles

Back to top button