പണി പൂർത്തിയാകാതെ ടോൾ പിരിക്കാൻ ധൃതിയെന്ന് വിമർശനം; മലപ്പുറം വെട്ടിച്ചിറയിൽ ടോൾ പിരിവ് ഉടൻ തുടങ്ങും

മലപ്പുറത്ത് വളാഞ്ചേരിക്കടുത്ത് വെട്ടിച്ചിറയിൽ ദേശീയ പാത 66 ൽ ടോൾ പിരിവ് ഉടൻ തുടങ്ങും. കാര്‍, ജീപ്പ്, വാന്‍ തുടങ്ങിയ ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് 145 രൂപയാണ് ഏറ്റവും കുറഞ്ഞ നിരക്ക്. 24 മണിക്കൂറിൽ മടക്കയാത്ര നടത്തുകയാണെങ്കിൽ 220 രൂപ നൽകിയാൽ മതി. ടോൾ പ്ലാസയുടെ ഇരുപത് കിലോമീറ്റര്‍ ചുറ്റളവിൽ താമസിക്കുന്നവര്‍ക്ക് 340 രൂപയുടെ മാസാന്ത പാസിന് അര്‍ഹതയുണ്ട്. ബസ്, ട്രക്ക് എന്നിവയ്ക്ക് 495 രൂപയും , വ്യാവസായിക വാഹനങ്ങൾക്ക് 540 രൂപയും ഈടാക്കും. ഹെവി കൺസ്ട്രക്‌ഷൻ മെഷിനറി വാഹനങ്ങൾക്ക് 775 രൂപയും, ഏഴും അതിൽ കൂടുതലും ആക്സിലുകളുള്ള വാഹനങ്ങൾക്ക് 945 രൂപയുമാണ് നിരക്ക്.
പണി പൂർത്തിയാകാതെ ടോൾ പിരിക്കാൻ ധൃതിയെന്ന വിമര്‍ശനവും ഇതിനോടകം ഉയർന്നിട്ടുണ്ട്. രാമനാട്ടുകര മുതൽ തുടങ്ങുന്ന റീച്ചിൽ, കൂരിയാട്, വട്ടപ്പാറ, കുറ്റിപ്പുറം എന്നിവിടങ്ങളിൽ പണി തീരാതെ ടോൾ പിരിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാരും ജനപ്രതിനിധികളും. ആദ്യം പണി പൂര്‍ത്തിയാക്കട്ടെ, അതിന് ശേഷം ടോൾ പിരിക്കാമെന്നാണ് നാട്ടുകാര്‍ പറയുന്നത്.



