‘അഭിവാദ്യങ്ങൾ, അഭിവാദ്യങ്ങൾ, സഖാവ് കുഞ്ഞികൃഷ്ണന് അഭിവാദ്യങ്ങൾ’, രക്തഹാരം അണിയിച്ച് അനുകൂലികൾ..

ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വെളിപ്പെടുത്തൽ നടത്തിയതിന് ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണനെ സി പി എമ്മിൽ നിന്ന് പുറത്താക്കിയ നടപടിക്കെതിരെ പയ്യന്നൂർ വെള്ളൂരിൽ പരസ്യ പ്രതിഷേധം. പുറത്താക്കപ്പെട്ട കുഞ്ഞികൃഷ്ണന് പിന്തുണയുമായി രംഗത്തെത്തിയ പ്രവർത്തകർ അദ്ദേഹത്തിന് രക്തഹാരം അണിയിച്ചാണ് സ്വീകരിച്ചത്. പാർട്ടി ഫണ്ട് മുക്കിയവർക്ക് മാപ്പില്ലെന്നും രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ ടി ഐ മധുസൂദനൻ എം എൽ എക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് പ്രവർത്തകർ മുദ്രാവാക്യം മുഴക്കി. ഫണ്ട് തട്ടിപ്പ് ഉന്നയിച്ച ആളെ പുറത്താക്കിയ പാർട്ടി നേതൃത്വത്തിന്റെ നടപടിക്കെതിരെ സി പി എമ്മിന്റെ ശക്തികേന്ദ്രത്തിൽ തന്നെ പ്രതിഷേധം ഉയർന്നത് നേതൃത്വത്തിന് വലിയ തലവേദനയാകുമെന്ന് ഉറപ്പാണ്. രക്തസാക്ഷിക്കായി പിരിച്ച ഫണ്ടിൽ പോലും തട്ടിപ്പ് നടത്തിയെന്ന വെളിപ്പെടുത്തൽ തെളിവുകൾ സഹിതം വിവരിച്ചയാളെ പുറത്താക്കിയെന്നതിൽ സി പി എമ്മിലും നിരവധി ചോദ്യങ്ങൾ ഉയരാനാണ് സാധ്യത.



