ആടിനെ പട്ടിയാക്കുന്നതാണ് രാ​ഗേഷിന്റെ വിശദീകരണം; ഫണ്ട് വിവാദത്തിൽ പറഞ്ഞതിൽ ഉറച്ച് വി കുഞ്ഞികൃഷ്ണൻ

രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദത്തിൽ പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നെന്ന് വി കുഞ്ഞികൃഷ്ണൻ. താൻ ഉന്നയിച്ച ആരോപണങ്ങൾക്ക് ജില്ലാ സെക്രട്ടറി മറുപടി പറഞ്ഞില്ലെന്നും കെ കെ രാഗേഷ് പറഞ്ഞത് കേട്ടപ്പോൾ ചിരിയാണ് വന്നതെന്നും വി കുഞ്ഞികൃഷ്ണൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ആടിനെ പട്ടിയാക്കുന്നതാണ് രാ​ഗേഷിന്റെ വിശദീകരണം, അയാൾക്ക് തന്നെ ഒന്നും മനസിലായിട്ടില്ലെന്ന് വി കുഞ്ഞികൃഷ്ണന്‍ പരിഹസിക്കുന്നു. ​ഗൾഫിൽ പോയകാര്യം പറഞ്ഞത് ശുദ്ധ കള്ളത്തരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൈരളി ഒഴികെ ഏത് ചാനലിന് താൻ അഭിമുഖം നൽകിയാലും ഇതേ കാരണം പാർട്ടി ഉന്നയിക്കുമെന്നും കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

പാർട്ടിക്ക് പണം നഷ്ടമായിട്ടുണ്ടെന്ന് കുഞ്ഞികൃഷ്ണന്‍ ആവര്‍ത്തിച്ചു. രണ്ട് സഹകരണ ബാങ്കുകളിൽ നിന്ന് വന്ന പണം അക്കൗണ്ടിൽ എത്തിയില്ല. അന്ന് ടി ഐ മധുസൂദനൻ ആയിരുന്നു ഏരിയ സെക്രട്ടറിയായിരുന്നു. കെട്ടിട നിർമ്മാണ കണക്കിൽ ക്രമക്കേട് വരുത്തി, പണി പൂർത്തിയായ ശേഷവും വിവിധയിനങ്ങളിൽ ചിലവ് കൂട്ടിത്തേർത്തു. ജനാധിപത്യ കേന്ദ്രീകരണം എന്നുപറഞ്ഞാൽ ഇല്ലാത്ത കാര്യം അടിച്ചേൽപ്പിക്കൽ അല്ല, ഉള്ള കാര്യത്തെക്കുറിച്ച്, വസ്തുതകളെക്കുറിച്ച് പരിശോധിച്ച്‌ ഉചിതമായ തീരുമാനം എടുക്കുകയെന്നാണെന്നും വി കുഞ്ഞികൃഷ്ണൻ പ്രതികരിച്ചു. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Related Articles

Back to top button